തിരുവനന്തപുരം: (sexual assault complaint) പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും അധ്യാപകനെയും ചേര്‍ത്ത് അപവാദപ്രചാരണം നടത്തുകയും ലൈംഗിക പീഡന പരാതി നല്‍കുകയും ചെയ്ത സംഭവത്തില്‍ അധ്യാപികക്കെതിരേ കേസ്. കിളിമാനൂര്‍ ആര്‍ആര്‍വി ഗേള്‍സ് എച്ച്എസ്എസിലെ ഹിന്ദി അധ്യാപിക സി.ആര്‍.ചന്ദ്രലേഖയ്ക്ക്(47) എതിരെയാണ് പൊലീസ് കേസെടുത്തത്.
|
പോക്‌സോ നിയമ പ്രകാരവും പട്ടികവിഭാഗ പീഡന നിരോധനനിയമ പ്രകാരവുമാണ് കേസ്. അധ്യാപിക ഒളിവിലാണെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചന്ദ്രലേഖയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ ഹാജര്‍ ബുക്ക് മോഷ്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജനുവരി മുതല്‍ സസ്‌പെന്‍ഷനില്‍ തുടരുന്ന ലാബ് അസിസ്റ്റന്റും അധ്യാപികയ്‌ക്കൊപ്പം അപവാദ പ്രചാരണത്തിനു കൂട്ടുനിന്നെന്ന് കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നുണ്ടെങ്കിലും കേസ് എടുത്തിട്ടില്ല.
അപവാദ പ്രചാരണത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ഡിസംബറില്‍ പഠനം അവസാനിപ്പിച്ചിരുന്നു. മാതാവ് കഴിഞ്ഞ മാസം 27ന് അധ്യാപികയ്ക്കും ലാബ് അസിസ്റ്റന്റിനുമെതിരെ മുഖ്യമന്ത്രിക്കും പട്ടികജാതിവര്‍ഗ കമ്മിഷനും സ്‌കൂള്‍ മാനേജര്‍ക്കും പരാതി നല്‍കി.
സഹ അധ്യാപകനോടുള്ള വിരോധം മൂലമാണ് ചന്ദ്രലേഖ, വിദ്യാര്‍ഥിനിയെ ഇരയാക്കി അപവാദ പ്രചാരണവും വ്യാജ പരാതിയും നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഇതേ അധ്യാപകനും സ്‌കൂള്‍ മാനേജര്‍ക്കുമെതിരെ ചന്ദ്രലേഖ ലൈംഗിക അധിക്ഷേപ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ അതും വ്യാജമെന്നു വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്.
വകുപ്പുതല അന്വേഷണം തുടങ്ങി
സംഭവത്തില്‍ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഹയര്‍ സെക്കന്‍ഡറി വിഭാഗം ആര്‍ഡിഡി സ്‌കൂളിലെത്തി അധ്യാപകരില്‍നിന്ന് മൊഴിയെടുത്തു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
News summary: Kerala teacher false sexual assault complaint


