15
Feb 2024
Mon
15 Feb 2024 Mon

മൂത്രത്തില്‍ നിന്ന് വൈദ്യുതി; ഞെട്ടേണ്ട, കണ്ടുപിടിച്ചത് പാലക്കാട്ടെ വിദ്യാര്‍ഥികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പാലക്കാട്: ഇനി മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകള്‍ ‘Seperation and Purification Technology’ എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കള്‍ക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല.

ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തില്‍ വി.സംഗീത, ഡോ.പി.എം.ശ്രീജിത്ത്, റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലീറ്റര്‍ മൂത്രത്തില്‍ നിന്ന് 7 മുതല്‍ 12 വോള്‍ട്ടേജുള്ള 500 മില്ലി വാട്ട് വൈദ്യുതിയും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉത്പാദിപ്പിക്കാനാകും എന്നാണ് കണ്ടെത്തല്‍.

മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കല്‍ പ്രതിപ്രവര്‍ത്തനവും ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയും നൈട്രജന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ പോഷക ഘടകങ്ങള്‍ വേര്‍തിരിച്ചു ജൈവവളം ഉല്‍പാദിപ്പിക്കുകയും ചെയ്തു.ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിയിക്കുന്നതിനും, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.ഇനി മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം.ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് വിഭാഗം പദ്ധതിക്കു വേണ്ട സഹായധനം നല്‍കും. നിലവില്‍ ടെക്‌നോളജി റെഡിനെസ് ലെവല്‍ 4ല്‍ ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാവുന്ന മികച്ച ടെക്‌നോളജിയായും പരിഗണിച്ചിട്ടുണ്ട്.

Palakkad IIT researchers turn urine into energy and bio-fertilizer