18
Nov 2025
Fri
18 Nov 2025 Fri
Palathayi sexual abuse case

പാലക്കാട്: പാലത്തായിയില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി. പോക്സോ കോടതിയുടേതാണ് കണ്ടെത്തല്‍. ബലാല്‍സംഗ കുറ്റത്തില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ാലത്തായി പീഡനക്കേസ് സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പോലിസ് 2020 മാര്‍ച്ച് 17നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പോലിസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.

ALSO READ: ക്രൂരമായി ബലാല്‍സംഗം ചെയ്തു; നായയെ കൊണ്ട് പോലും ലൈംഗികമായി പീഡിപ്പിച്ചു; ഇസ്രായേല്‍ തടവിലെ അനുഭവം വിവരിച്ച് ഫലസ്തീന്‍ യുവതി

അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലിസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു.

ശുചിമുറിയില്‍ വച്ച് പീഡനം
യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചതായി 2020 മാര്‍ച്ച് 17നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. പരാതി കിട്ടിയ അന്ന് മുതല്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ലോക്ക് ഉള്ള ശുചിമുറിയിലും ഇല്ലാത്ത ശുചിമുറിയിലും പീഡനത്തിനിരയായതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനവിവരം പെണ്‍കുട്ടി സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ഈ മൊഴി മുന്‍ അന്വേഷണ സംഘങ്ങളൊന്നും ശേഖരിച്ചിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കേസ് അട്ടിമറിക്കാന്‍ ശ്രമം
പ്രതിക്കെതിരെ തെളിവില്ലെന്നും കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നുമായിരുന്നു ആദ്യം അന്വേഷിച്ച പാനൂര്‍ പൊലീസിന്റെ കുറ്റപത്രം. ഇതിനെതിരെ കുട്ടിയുടെ മാതാവ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചെങ്കിലും അവരും സമാനമായി പ്രതിയെ രക്ഷപെടുത്താനുള്ള ശ്രമമാണ് നടത്തിയത്.

ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയരുകയും കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെട്ട കര്‍മസമിതി രംഗത്തെത്തുകയും മാതാവ് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നിയമിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കുറ്റപത്ര പ്രകാരമാണ് ഇപ്പോള്‍ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.