30
Jun 2023
Wed
30 Jun 2023 Wed

മലപ്പുറം: മലപ്പുറം നഗരസഭയ്ക്ക് കീഴിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണത്തിനായി കണ്ണായ സ്ഥലത്തെ ഭൂമി വിട്ടുനൽകി മാതൃകയായി പാണക്കാട് തങ്ങൻമാരുടെ കൊടപ്പനക്കൽ കുടുംബം. ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെൻറ് സ്ഥലമാണ് സൗജന്യമായി നൽകിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ആണ് നഗരസഭ ഭരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേർന്നുള്ള 15 സെൻറ് ഭൂമിയാണ് ആശുപത്രിക്കായി കൈമാറിയത്. പാണക്കാട് തോണിക്കടവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് പുതിയ കെട്ടിടത്തിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ മാറ്റിസ്ഥാപിക്കുന്നത്. പരിമിത സൗകര്യത്തിലായിരുന്നു ഏഴ് വർഷമായി ആശുപത്രിയുടെ പ്രവർത്തനം. പുതിയ കെട്ടിടം നിർമിക്കാൻ മലപ്പുറം നഗരസഭ പദ്ധതി അവതരിപ്പിച്ചു. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ആശുപത്രിക്കാവശ്യമായ ഭൂമി പാണക്കാട് കുടുംബം നൽകിയത്. നിലവിലുള്ള കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം രോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ വലിയ ദുരിതത്തിലായിരുന്നു. കൂടാതെ പ്രളയകാലത്ത് വെള്ളം കയറിയത് മൂലവും പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.

ഭൂമി ലഭ്യമായതോടെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം. സഹജീവികൾക്ക് സഹായമാകുന്നത് ജീവിതത്തിൻറെ ഭാഗമാക്കിയ പാണക്കാട് കുടുംബാംഗങ്ങളുടെ സന്മനസ്സിൻറെ അടയാളമായി ആശുപത്രി കെട്ടിടം ഉടൻ യാഥാർത്ഥ്യമാകും.

മലപ്പുറത്തിന്റെയും സമീപ പ്രദേശങ്ങളിലെയും പൊതു സേവന സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും പാരമ്പര്യമായി തന്നെ ഇത്തരം സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നൽകാൻ കഴിഞ്ഞതിൽ പാണക്കാട് കുടുംബത്തിന് എന്നും സന്തോഷം മാത്രമാണുള്ളതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. പിതാക്കന്മാരുടെ കാലഘട്ടം മുതൽ പാണക്കാട്ടെയും സമീപ പ്രദേശങ്ങളിലെയും ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് ഇത്തരത്തിൽ സ്ഥലവും മറ്റും ലഭ്യമാക്കിയത് മൂലം പാണക്കാട് പ്രദേശത്തും മലപ്പുറത്തും ഉണ്ടായ വികസന പ്രവർത്തനങ്ങൾക്ക് കാരണക്കാരാവാൻ കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ആബിദ് ഹുസ്സൈൻ തങ്ങൾ എംഎൽഎ, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹക്കീം, മറിയുമ്മ ഷെരീഫ്, സിദ്ദീഖ് നൂറെങ്ങൽ, മുനിസിപ്പൽ ലീഗ് സെക്രട്ടറി പി.കെ. ബാവ, നഗരസഭ കൗൺസിലർമാരായ ഇ.പി. സൽമ ടീച്ചർ, സജീർ കളപ്പാടൻ, ശിഹാബ് മോടയങ്ങാടൻ, മഹ്മൂദ് കൊതെങ്ങൽ, സികെ സഹീർ, എ.പി. ശിഹാബ്, പരി അബ്ദുൽ ഹമീദ്, ജുമൈല ജലീൽ, റിനു സമീർ, കദീജ നാണത്, ഷാഫി മോഴിക്കൽ, അയിശാബി ഉമ്മർ, മന്നയിൽ അബൂബക്കർ, നസീർ ശിഹാബ് തങ്ങൾ, നൗഷാദ് .കെ എന്നിവർ പ്രസംഗിച്ചു.