07
Jul 2026
Tue
07 Jul 2026 Tue
Kylian Mbappe faced racist remarks from Paraguay Senator

ഫിഫ ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും പരാഗ്വേ വനിതാ സെനറ്റർ സെലസ്റ്റെ അമറില്ലയും തമ്മിൽ സോഷ്യൽ മീഡിയയിൽ തുറന്ന പോര്. ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പരാഗ്വെയെ ഫ്രാൻസ് ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് തോൽപ്പിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തോൽവിക്ക് പിന്നാലെ എംബാപ്പെയെ ‘കോളനൈസ്ഡ് കാമറൂണിയൻ’ (കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ) എന്ന് വിളിച്ച സെനറ്റർ, താരം ഫ്രഞ്ചുകാരനായി അഭിനയിക്കുകയാണെന്നും അഹങ്കാരിയും വിരൂപനുമാണെന്നും അധിക്ഷേപിച്ചിരുന്നു. ഇതേത്തുടർന്ന് എംബാപ്പെയുടെ ഭാഗത്തുനിന്നുണ്ടായ മറുപടിക്ക് എതിരെയാണ് സെനറ്റർ ഇപ്പോൾ നിയമനടപടി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ പോരാട്ടം ഫ്രാൻസ് രാജ്യത്തോടോ അവിടുത്തെ ജനങ്ങളോടോ അല്ലെന്നും എംബാപ്പെയുടെ വ്യക്തിപരമായ അഹങ്കാരത്തോടാണെന്നും വ്യക്തമാക്കിക്കൊണ്ട് സെനറ്റർ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ഒരു തുറന്ന കത്ത് പങ്കുവെച്ചു. താൻ ചെറുപ്പം മുതൽ ഫ്രഞ്ച് സ്കൂളിലാണ് പഠിച്ചതെന്നും ഫ്രാൻസിനെ സ്നേഹിക്കുന്നുണ്ടെന്നും അവർ കുറിച്ചു. എന്നാൽ മത്സരത്തിന് മുൻപും ശേഷവും എംബാപ്പെയുടെ പെരുമാറ്റം അതിരുകടന്നതാണെന്ന് അവർ ആരോപിക്കുന്നു.

“മൈതാനത്ത് അഹങ്കാരവും അവഹേളനവും”

മത്സരത്തിനിടെ എംബാപ്പെയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെ സെനറ്റർ കത്തിൽ ശക്തമായി വിമർശിച്ചു:

“മത്സരത്തിന് മുൻപ് തന്നെ ഞങ്ങളെ ‘അഴുക്ക്’ എന്ന് വിളിച്ച് അപമാനിക്കാൻ നിങ്ങൾ ശ്രമിച്ചു. കളിക്കളത്തിൽ ഓരോ പരാഗ്വേ താരത്തോടും കടുത്ത പുച്ഛത്തോടെയാണ് നിങ്ങൾ പെരുമാറിയത്. ലാറ്റിൻ അമേരിക്കയിൽ ഏറ്റവും മോശമായി കരുതപ്പെടുന്ന ‘ലാ കോഞ്ച ഡി തു മാദ്രെ’ (La concha de tu madre) എന്ന അങ്ങേയറ്റം അധിക്ഷേപകരമായ തെറിവിളി നിങ്ങൾ ഞങ്ങളുടെ കളിക്കാർക്ക് നേരെ വിളിച്ചു. മത്സരം ജയിച്ച ശേഷം പരിക്കേറ്റ ഞങ്ങളുടെ ഗോൾകീപ്പർക്ക് കൈകൊടുക്കാൻ പോലും തയാറാകാതെ  അദ്ദേഹത്തിന്റെ മുഖത്തുനോക്കി ആക്രോശിക്കുകയാണ് നിങ്ങൾ ചെയ്തത്. ഒരു സെക്കൻഡ് കൊണ്ട് നിങ്ങളുടെ മോശം സംസ്കാരമാണ് അവിടെ കണ്ടത്.” – സെലസ്റ്റെ അമറില്ല കുറിച്ചു.

നേരത്തെ താൻ പങ്കുവെച്ച വംശീയ പരാമർശമുള്ള പോസ്റ്റ് ദേഷ്യം കൊണ്ട് ഇട്ടതാണെന്നും, പിന്നീട് അത് തിരുത്തി ഡിലീറ്റ് ചെയ്തതായും സെനറ്റർ സമ്മതിച്ചു. താനും ഒരു മിശ്രവർഗ്ഗക്കാരിയായതിനാൽ (Mixed-race) ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ആ പോസ്റ്റിൽ ഖേദം തോന്നി അത് പിൻവലിച്ചതാണെന്നും അവർ വ്യക്തമാക്കി.

ലിംഗവിവേചനവും നിയമനടപടിയും

എംബാപ്പെയുടെ പ്രതികരണത്തിൽ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് താരം മാപ്പ് പറയണമെന്നാണ് സെനറ്ററുടെ ആവശ്യം.

“നിങ്ങൾക്ക് എന്നെ അറിയില്ല, ഞാൻ ആരാണെന്ന് ഒരു ധാരണയുമില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യത്തിന്റെ സെനറ്ററാണ് ഞാൻ. എന്റെ പദവിക്ക് യോഗ്യതയില്ലാത്തവളെന്നും നികൃഷ്ടയായ സ്ത്രീയെന്നും വിളിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്? ഇത് ഒരു സ്ത്രീക്ക് നേരെയുള്ള രാഷ്ട്രീയവും ലിംഗപരവുമായ അതിക്രമമാണ് (Gender violence). നിങ്ങൾ എന്റെ ലിംഗപദവിയെയാണ് ഇവിടെ ആക്രമിക്കുന്നത്. ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് ചോദിക്കാൻ തയാറായില്ലെങ്കിൽ വംശീയ-ലിംഗ അതിക്രമത്തിന് നിങ്ങൾക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും.” – അമറില്ല കത്തിൽ മുന്നറിയിപ്പ് നൽകി.

മത്സരത്തിലെ കടുത്ത ഫൗളുകളും കളിക്കാർ തമ്മിലുള്ള തർക്കങ്ങളും കാരണം നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞ ഫ്രാൻസ്-പരാഗ്വേ മത്സരം, നിലവിൽ മൈതാനത്തിന് പുറത്തെ വലിയൊരു നയതന്ത്ര-വംശീയ വിവാദമായി മാറിയിരിക്കുകയാണ്.

Paraguay Senator Threatens Kylian Mbappe Amid Racism Row