27
Aug 2024
Tue
27 Aug 2024 Tue
Parapur IUHSS students gave 1,000 kg of rice grown by themselves to the affected people

സ്വന്തമായി വിളയിച്ച 1,000 കിലോ അരി ദുരിതബാധിതര്‍ക്ക് നല്‍കി പറപ്പൂര്‍ IUHSS വിദ്യാര്‍ഥികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: സ്വന്തമായി വിളയിച്ച 1,000 കിലോ അരി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കി പറപ്പൂര്‍ IUHSS വിദ്യാര്‍ഥികള്‍.
സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരിയാണ് പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കിയത്. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചത്.

ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മിറ്റി സെക്രട്ടറി മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ടി. ഹംസ, കാര്‍ഷിക ക്ലബ്ബ് ചുമതലയുള്ള അധ്യാപകരായ ടി.പി മുഹമ്മദ് കുട്ടി, ഷാഹുല്‍ ഹമീദ്, ഫുആദ്, അഷ്‌റഫ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷാന്‍, ഡെപ്യൂട്ടി ലീഡര്‍ അമീന, കാര്‍ഷിക ക്ലബ്ബ് സെക്രട്ടറി തീര്‍ത്ഥ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മലപ്പുറത്തുനിന്ന് ഇന്നലെ ലഭിച്ച മറ്റ് സംഭാവനകള്‍

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികളും സംഘടനകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സംഭാവനാ പ്രവാഹം. തിങ്കളാഴ്ച നിരവധി പേര്‍ കളക്ടറേറ്റിത്തി മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ സംഭാവനകള്‍ ഏല്‍പ്പിച്ചു. മുന്‍ മന്ത്രി ടി.കെ ഹംസ രണ്ടു ലക്ഷം രൂപയും സി.പി.എം. ജില്ലാ കമ്മിറ്റി അഞ്ചു ലക്ഷം രൂപയും സംഭാവന നല്‍കി. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഒരു ലക്ഷം രൂപയും ഗവ. കരാറുകാരനും പ്ലാനറുമായ ഒതുക്കുങ്ങല്‍ സജീവ് രാമകൃഷ്ണന്‍ ഒരു ലക്ഷം രൂപയും ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് 1992 എസ്.എസ്.എല്‍.സി ബാച്ച് 36,001 രൂപയും കൈമാറി. സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി സി. വിജയലക്ഷ്മി തന്റെ പെന്‍ഷന്‍ തുകയായ 35000 രൂപയും തിരൂരിലെ കല്ലറപറമ്പില്‍ ഭാസ്‌കരന്‍ പെന്‍ഷന്‍ തുകയായ 9941 രൂപയും ചെരാട്ടുകുഴി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികള്‍ 15000 രൂപയും കോട്ടപ്പുറം സംസ്‌കൃതി നവമാധ്യമ കൂട്ടായ്മ 6200 രൂപയും മുണ്ടപ്പൊട്ടി യുവശക്തി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ്ല് 25,555 രൂപയും നല്‍കി. പൂക്കാട്ടിരിയിലെ വിദ്യാര്‍ഥിനികളായ അശ്വതിയും അമൃതയും കുടുക്ക പൊട്ടിച്ച നാണയത്തുട്ടുകളായ 1960 രൂപയുമായി ജില്ലാ കളക്ടറെ കാണാനെത്തി.

Parapur IUHSS students gave 1,000 kg of rice grown by themselves to the affected people