03
Apr 2026
Fri
03 Apr 2026 Fri
dr attacked in pernthalmanna

പെരിന്തല്‍മണ്ണ: നാലംഗസംഘത്തിന്റെ ക്രൂരമായ മര്‍ദനമേറ്റ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് ഗുരുതര പരിക്ക്.  ഡോ. സിനി ജലീലിനെയാണ് സ്വകാര്യ പ്രാക്ടീസ് സെന്ററിലെത്തി മര്‍ദിച്ചത്. ഇവരെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമിക പരിശോധനക്ക് ശേഷം ഐ.സി.യുവിലേക്ക് മാറ്റി. ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കുണ്ടോയെന്നറിയാന്‍ വിശദ പരിശോധനക്ക് നിര്‍ദേശിച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.

പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപം പഞ്ചമി സ്‌കൂള്‍ റോഡില്‍ ഇവരുടെ ക്ലിനിക്കില്‍ വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ദിവസങ്ങള്‍ക്കു മുമ്പ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഗര്‍ഭിണിയുടെ നില ഗുരുതരമാവുകയും പിന്നീട് മരിക്കുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

ALSO READ: അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ന്നു; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ ഇവര്‍ സാധാരണ രോഗികളെ പോലെയാണ് എത്തിയത്. 300 രൂപ ഫീസടച്ച് കാത്തിരുന്ന് കണ്‍സല്‍ട്ടിങ് മുറിയില്‍ കയറുകയായിരുന്നു. ശേഷം രണ്ടു വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ടാണ് മര്‍ദിച്ചത്.

രണ്ടുപേര്‍ ഡോക്ടറെ പിടിച്ചുവെക്കുകയും മറ്റു രണ്ടുപേര്‍ മര്‍ദിക്കുകയുമായിരുന്നെന്ന് മൊഴി നല്‍കി. പര്‍ദ ധരിച്ച് മുഖം മറച്ചാണ് അക്രമി സംഘം എത്തിയതെന്നും ഇതില്‍ പുരുഷന്മാരുണ്ടോയെന്ന് സംശയമുണ്ടെന്നും ഡോക്ടറുടെ ബന്ധുക്കള്‍ പറഞ്ഞു. രോഗികളെ വിളിക്കാനും ഡോക്ടറെ സഹായിക്കാനുമായി ജീവനക്കാരിയുണ്ട്. ഗര്‍ഭിണിയായ അവരെയും പിടിച്ചുതള്ളി.

സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി. സംഭവം ഗൗരവമുള്ളതാണെന്ന് പെരിന്തല്‍മണ്ണ ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു. തുടര്‍നടപടികള്‍ ആലോചിക്കാനും ചര്‍ച്ച ചെയ്യാനുമായി വ്യാഴാഴ്ച രാത്രി തന്നെ ഐ.എം.എ ഭാരവാഹികള്‍ യോഗം ചേര്‍ന്നു.