16
Aug 2026
Sun
16 Aug 2026 Sun
digital arrest

ഹൈദരാബാദ്: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 67-കാരനെ ‘ഡിജിറ്റല്‍ അറസ്റ്റിന്’ ഇരയാക്കി 4 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയര്‍ഡ് ഇന്‍ഷുറന്‍സ് ജീവനക്കാരനായ ഹൈദരാബാദ് സ്വദേശിയാണ് സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ’യുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ വയോധികനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. ഇയാളുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി ആരോപിച്ചു. സിം കാര്‍ഡുമായി ബന്ധമില്ലെന്ന് വയോധികന്‍ പറഞ്ഞതോടെ, മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് വയോധികനെ ‘ഡിജിറ്റല്‍ അറസ്റ്റിന്’ വിധേയനാക്കിയെന്ന് വിശ്വസിപ്പിച്ചു.

ALSO READ: ആടിനെ പിടിക്കാന്‍ ഇറച്ചിക്കടയില്‍ പാമ്പുകയറി; കഴുത്തിലണിഞ്ഞ് മദ്യപന്റെ ‘സാഹസിക കളി’! ഞെട്ടിക്കുന്ന വീഡിയോ

കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസില്‍ അന്വേഷണം നടക്കുകയാണെന്ന് വിശ്വസിപ്പിച്ച് ഇയാളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാം ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരിലുള്ള എടിഎം കാര്‍ഡ് കണ്ടെത്തിയെന്ന് വ്യാജ ആരോപണം ഉന്നയിച്ചു. നേതാക്കളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടും വിടാതെ, ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായി വീഡിയോ കോള്‍ വഴി സംസാരിപ്പിച്ചു.

അക്കൗണ്ടില്‍ 4.85 ലക്ഷം രൂപയുണ്ടെന്ന് വയോധികന്‍ വെളിപ്പെടുത്തിയതോടെ, ചികിത്സാ ആവശ്യങ്ങള്‍ക്കായി 85,000 രൂപ മാത്രം കയ്യില്‍ വെയ്ക്കാനും ബാക്കി 4 ലക്ഷം രൂപ ‘പരിശോധനയ്ക്കായി’ പ്രത്യേക അക്കൗണ്ടിലേക്ക് ആര്‍ടിജിഎസ് (RTGS) വഴി അയക്കാനും ആവശ്യപ്പെട്ടു. പണം കൈമാറിയ ശേഷമാണ് താന്‍ തട്ടിപ്പിനിരയായ വിവരം വയോധികന്‍ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: Digital arrest scam, Hyderabad cyber crime, PFI link fraud, Cyber fraud Hyderabad, Online scam news Malayalam, Cyber crime Malayalam, Hyderabad news update, Digital arrest fraud

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക