മലപ്പുറം: കേരളത്തിലെ യു.ഡി.എഫില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നതോടെ ഇതില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് നേതൃത്വം. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഞാനില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പുതുമുഖങ്ങള്‍ പരിഗണനയിലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും പ്രതികരിച്ചു.
|
രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ സ്ഥാനാര്‍ഥിയാവാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്നിട്ടില്ല. മാധ്യമങ്ങളാണ് ചര്‍ച്ച തുടങ്ങിയത്. സാദിഖലി തങ്ങളാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ പ്രതികരിക്കാന്‍ തനിക്ക് അവകാശമില്ലാത്തതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തങ്ങളോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അവര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിക്കപ്പെടേണ്ടതാണെന്നും തങ്ങള്‍ വ്യക്തമാക്കി.പി.കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. കുഞ്ഞാലിക്കുട്ടിക്ക് നിയസഭയില്‍ ഇനിയും കാലാവധിയുള്ളതിനാല്‍ ഇപ്പോള്‍ രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നും തങ്ങള്‍ പറഞ്ഞു.
നേരത്തെ ഇന്ത്യാ സഖ്യം ഭരണത്തിലേറുകയാണെങ്കില്‍ ലീഗിന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കുഞ്ഞാലിക്കുട്ടി അതിനായി ഒരുങ്ങുന്നതെന്നായിരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടല്‍. നിയമസഭാംഗമായ കുഞ്ഞാലിക്കുട്ടി രാജിവച്ച് വീണ്ടും മത്സരിക്കുന്നതിനെതിരെയും വിമര്‍ശനമുണ്ട്. നേരത്തെ ഇ. അഹമ്മദിന്റെ ഒഴിവിലേക്ക് എം.എല്‍.എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എം.പി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തില്‍ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എങ്കിലും കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ എന്നതിന് അനുസരിച്ചായിരിക്കും മറ്റുള്ളവരുടെ സാധ്യതകള്‍. എന്നാല്‍ മുതിര്‍ന്ന നേതാവ് ഇ.ടി മുഹമദ് ബഷീറിനെ അവഗണിച്ച് കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തിലേക്ക് അയക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ശക്തമാണ്. അപ്പോഴും സലാമിനും ഫൈസലിനുമാണ് സാധ്യത കൂടുതല്‍.
pk kunhalikutty sadikali thangal on rajya sabha seat
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





