Asha Bhosle passes away ജനപ്രിയ പിന്നണി ഗായിക ആശ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ സഹോദരിയാണ്. 800ലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2008ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്.
|
ഒ.പി. നയ്യാര്‍, ഖയ്യാം, ശങ്കര്‍-ജയ്കിഷന്, ആര്.ഡി. ബര്മന് തുടങ്ങി വിവിധ തലമുറകളിലെ സംഗീത സംവിധായകര്‍ക്കൊപ്പവും എ.ആര് റഹ്മാന്, ഇളയരാജ തുടങ്ങി നിരവധി തെന്നിന്ത്യന്‍ സംഗീത സംവിധായകര്‍ക്കാപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എട്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ജേതാവ് കൂടിയായ ആശ ഭോസ്ലെ വിവിധ ഭാഷകളിലെ സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കുമായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൂടാതെ 1981,86 വര്‍ഷങ്ങളിലായി രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം, 18 മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, രണ്ട് ഗ്രാമി നോമിനേഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും നേടി.
ദശാബ്ദങ്ങളായി സംഗീതലോകത്ത് നിറസാന്നിധ്യമറിയിച്ച ആശാ ഭോസ്ലെ വൈവിധ്യങ്ങളിലൂടെയാണ് തന്റെ കരിയര്‍ കൊണ്ടുപോയിരുന്നത്. ‘ആവോ ഹുസൂര്‍ തുംകോ’, ‘ചുര ലിയാ ഹേ തുംനേ ജോ ദില്‍ കോ’ തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്ക് പരിചിതമാണ്. ‘പിയാ തൂ അബ് തോ ആജാ’, ‘യേ മേരാ ദില്‍’ തുടങ്ങി ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദി സിനിമാസംഗീതത്തില്‍ പുതിയി തരംഗം സൃഷ്ടിച്ചു. 90കളുടെയും 2000 ത്തിന്റെയും തുടക്കത്തില്‍ എ.ആര് റഹ്മാന്റെ സംഗീതസംവിധാനത്തിലിറങ്ങിയ ‘തന്‍ഹ തന്‍ഹ’, ‘രംഗീല റേ’, തുടങ്ങി ഐകോണിക് ഗാനങ്ങളും സംഗീതലോകത്തിന് കിട്ടിയ സമഗ്രസംഭാവനയായിരുന്നു.
നിരവധി പുതുതലമുറ ഗാനങ്ങളും ആശാ ഭോസ്ലെ സമ്മാനിച്ചു. ഓരോ കാലഘട്ടത്തിലെയും സംഗീതമാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് അവരുടെ കരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത. മറാഠാ നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933 സെപ്റ്റംബര്‍ എട്ടിന് ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലായിരുന്നു ആശയുടെ ജനനം. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കര്‍, ഹൃദ്യനാഥ് മങ്കേഷ്കര്‍, ഉഷാ മങ്കേഷ്കര്‍, മീനാ മങ്കേഷ്കര്‍ എന്നിവരാണ് സഹോദരങ്ങള്‍.





