23
Jun 2025
Sun
23 Jun 2025 Sun

മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റില്‍. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചതെന്നും നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ ഇയാള് പിടികൂടിയിരുന്നതായൂം പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അടക്കം വിശദമായി പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലിസ് കേസെടുത്തിരുന്നു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതല്‍ ഉത്തരവാദമുള്ളതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു.
വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെ യുണ്ടായ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് ഇന്നലെ മരിച്ചത്.
ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ യദുവിൻ്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ച് കുട്ടികളില്‍ നാല് പേര്‍ക്ക് ഷോക്കേറ്റത് എന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ച അനന്തുവിൻ്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നു.  ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്ന നിലമ്പൂരില്‍ വിദ്യാര്‍ഥിയുടെ മരണം വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടു. മരണത്തിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച ശേഷമായിരുന്നു നടപടി. വൈദ്യുതി കെണികള്‍ക്ക് സ്ഥാപിക്കുന്ന സംഭവങ്ങളില്‍ കെഎസ്ഇബി മൗനം പാലിക്കുകയാണ്. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും ആശുപത്രിയില്‍ എത്തി. അധികൃതരുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കണം എന്നും എം സ്വരാജ് ആവശ്യപ്പെട്ടു.
അപകടമരണത്തില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് ഉടപെട്ട് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ഉടയാക്കി.

Police have registered a case in the incident where a student died after being shocked by a pig trap in Nilambur