25
Mar 2024
Sat
25 Mar 2024 Sat
police suspecting murder woman found half naked in thodu in perambra

പേരാമ്പ്രയില്‍ യുവതിയുടെ അര്‍ധനഗ്ന മൃതദേഹം ആഴമില്ലാത്ത തോട്ടില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. യുവതിയുടെ മരണം നടന്നുവെന്ന സമയം മേഖലയിലുണ്ടായിരുന്ന ബൈക്കുകാരനെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ചൊവ്വാഴ്ച രാവിലെ പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയായ അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കാണാതായിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം അനുവിനെ കാണാതാവുകയായിരുന്നു. പിന്നീട് പശുവിന് പുല്ല് അരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അര്‍ധനഗ്നയായ നിലയില്‍ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടായതോടെ നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് ഇവിടെയെത്തിയ ബൈക്കിന്റെ ദൃശ്യം സിസിടിവി കാമറകളില്‍ നിന്നു ലഭിച്ചിരുന്നു. ഈ ബൈക്ക് കണ്ടെത്താനും മേഖലയിലെ സ്വര്‍ണക്കടകളില്‍ സ്വര്‍ണം വിറ്റവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.

പൊലീസ് പുറത്തുവിട്ട ദൃശ്യത്തിലെ ബൈക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.