29
Sep 2023
Mon
29 Sep 2023 Mon

പത്തനംതിട്ടയില്‍ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറി; DySP മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: മൈലപ്രയില്‍ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍. അപകട സമയത്ത് ഡിവൈഎസ്പിയും സംഘവും മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.

ഇന്നലെ രാത്രിയായിരുന്നു മൈലപ്രയില്‍ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരുക്കേറ്റിരുന്നു.

ഡിവൈഎസ്പിയുടെ വൈദ്യ പരിശോധന നടത്തിയില്ല. സംഭവം നടന്ന് ഒരു മണിക്കൂറിനകം തന്നെ ഇടിച്ച വാഹനം പോലീസ് മാറ്റിയെന്നും അപകടമുണ്ടായപ്പോള്‍ തന്നെ മറ്റൊരു പോലീസ് വാഹനം എത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു.

പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. അമിത വേഗതയിലായിരുന്നു പൊലീസ് വാഹനമെന്നും നാട്ടുകാര്‍ പറയുന്നു.