തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ.
|
നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച അവധിയാണിത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടറില്‍ ഈ അവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി തുടങ്ങിയ ഉത്സവങ്ങള്‍ നടക്കുന്നതും ഇന്നാണ്.
പ്രത്യാശ നിറഞ്ഞ പുതിയ കാലത്തെ സ്വാഗതം ചെയ്യുന്നതിനായി പാഴ്‌വസ്തുക്കള്‍ കത്തിച്ചാണ് തമിഴ്‌നാട് ബോഗി പൊങ്കല്‍ ആഘോഷിക്കുന്നത്. ഇന്നാണു തൈപ്പൊങ്കല്‍, 15ന് മാട്ടുപ്പൊങ്കല്‍, 16ന് കാണുംപൊങ്കല്‍ എന്നിങ്ങനെയായി ആഘോഷം നീളും. നാട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പം പൊങ്കല്‍ ദിനങ്ങള്‍ ചെലവഴിക്കാനായി ലക്ഷക്കണക്കിനു പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍നിന്നു യാത്ര ചെയ്തത്.
പൊങ്കല്‍ ആഘോഷം മൂലമുള്ള പുകപടലങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വിമാന സര്‍വീസുകള്‍ വൈകുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട സര്‍വീസുകളും ഇവിടെ ഇറങ്ങേണ്ടവയും അടക്കം 30 വിമാനങ്ങളാണ് വൈകിയത്. ഇതില്‍ ദുബായ്, അബുദാബി, ദോഹ, മസ്‌ക്കറ്റ്, കുവൈത്ത്, സിങ്കപ്പൂര്‍, ക്വലാലംപുര്‍ എന്നിവിടങ്ങളിലേക്കുള്ള ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും ഉള്‍പ്പെടുന്നു.
Pongal celebration; Local holiday in six districts today


