13
Dec 2024
Wed
13 Dec 2024 Wed
E aboobacker daughter

തിഹാര്‍ ജയിലില്‍ കിടക്കുന്ന മുന്‍ പോപുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കറിന് മകള്‍ ലീന തബസ്സും എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. (Popular Front leader E Aboobacker daughter letter viral in social media) പിതാവിനെ പോലും മകള്‍ ലീനയും ക്യാന്‍സര്‍ ബാധയുടെ പിടിയിലാണ്. കടുത്ത രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന പിതാവിന് ജാമ്യം നിഷേധിക്കാന്‍ അധികാരികള്‍ കോടതിയില്‍ പറയുന്നതെല്ലൊം വെറും കെട്ടുകഥകളാണന്ന് ലീന അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട വാപ്പക്ക്,

അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലഹ് വബറാകാത്തുഹു. സുഖമാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലല്ലോ!കാരാഗൃഹവാസത്തില്‍ എന്ത് സൗഖ്യം?!

കഴിഞ്ഞ രണ്ട് വര്‍ഷമായി നല്ല വാര്‍ത്തകളൊന്നും കേള്‍ക്കാറില്ല.അവസാനമായി നമ്മള്‍ കണ്ടത്,വീഡിയോ മുലാഖാത്തില്‍ സംസാരിച്ച് കഴിഞ്ഞ്,വീല്‍ചെയറില്‍ നിങ്ങളെ ഒരാള്‍ കൊണ്ടുപോവുന്നതാണ്!

വാപ്പേ…. ഇന്നേക്ക് നിങ്ങളുടെ അന്യായ തടങ്കലിന് എത്രനാള്‍ പിന്നിട്ടുവെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ? 782 ദിവസങ്ങള്‍! 2022 സെപ്റ്റംബര്‍ 22 ന് എന്‍ഐഎ നിങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുമ്പോള്‍ പലവിധ രോഗപീഡകളാല്‍ നിങ്ങള്‍ പ്രയാസം അനുഭവിക്കുന്ന കാലം ആയിരുന്നല്ലോ.ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അത് പതിന്മടങ്ങ് വര്‍ദ്ധിച്ചുവെന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നുമില്ലല്ലോ..

അന്ന്,വളരെ അപകടകാരിയായ ആമാശയ ക്യാന്‍സര്‍ ബാധിച്ച് ഒരു മേജര്‍ സര്‍ജറിയും അതിന്റെ തുടര്‍ ചികിത്സയും കഴിഞ്ഞ പ്രയാസത്തിലും, ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുന്ന പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനുമായിരുന്നുവെങ്കിലും, വളരെ പ്രയാസപ്പെട്ടാണെങ്കിലും, നിങ്ങള്‍ നടന്നാണ്, അതിനേക്കാള്‍ അപകടകാരികളായ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയത്. ഇന്ന്,വീല്‍ചെയറില്‍!

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇപ്പോഴും അലട്ടാറുണ്ടോ? പ്രഷറും ഷുഗറും ഇപ്പോ വളരെ കൂടുതല്‍ ആവാറുണ്ടെന്ന് പറഞ്ഞിരുന്നുവല്ലോ…നല്ല ചികിത്സക്ക് എന്താണ് ഒരു മാര്‍ഗ്ഗം? ഡയബറ്റിക് റെറ്റിനോപ്പതിക്ക് ഇഞ്ചക്ഷന്‍ എടുക്കുന്നതും മുടങ്ങി. ഇപ്പോള്‍ കാഴ്ചക്ക് നല്ലണം മങ്ങല്‍ ഉണ്ടോ?എന്റെ ഈ കത്ത് നിങ്ങള്‍ എങ്ങനെ വായിക്കും? പ്രോസ്റ്റേറ്റ് വീക്കം കാരണമുള്ള പ്രയാസങ്ങള്‍ അലട്ടാറുണ്ടോ?

ഇത്രയേറെ മാരകരോഗങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ പോലും, നിങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനായി എത്ര ക്രൂരമായ വ്യാജവാദങ്ങളാണ് അന്വേഷണ ഏജന്‍സി കോടതികളില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്?! കോടതികള്‍ പോലും കണ്ണ് തുറക്കാതെയായോ? നീതി എവിടെ? എവിടെ ജസ്റ്റിസ്?

വാപ്പേ….ഞാനും നിങ്ങളെപ്പോലെ മാരകമായ ക്യാന്‍സര്‍ ബാധിതയാണ്. ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നല്ലോ. സര്‍ജറി കഴിഞ്ഞു. ഇപ്പോള്‍ കീമോ തെറാപ്പി ചികിത്സയാണ്. അതിന്റെ പലവിധ ക്ലേശങ്ങള്‍. മരുന്നിന്റെ പാര്‍ശ്വഫലമായി ഉണ്ടാവുന്ന അലര്‍ജിമൂലം ഇടക്കിടെ എമര്‍ജന്‍സിയില്‍ അഡ്മിറ്റ് ആവാറാണ്. കണ്ണിന് നല്ലണം മങ്ങല്‍ ഉണ്ട്. അതികഠിനമായ ക്ഷീണം, ശരീരത്തിലുടനീളം വേദനകള്‍. കൂടുതല്‍ വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ കീമോ തെറാപ്പിയുടെ അപകടകരമായ പാര്‍ശ്വ ഫലങ്ങളും പ്രയാസങ്ങളും!

ഈ കഴിഞ്ഞ ജൂലൈ മാസത്തിലാണ് എന്റെ ചികിത്സ തുടങ്ങിയത്. ഇനിയും കീമോ തെറാപ്പിയും റേഡിയേഷനും മറ്റുമായി അടുത്ത ജൂലൈ (ജൂലൈ 2025) വരെ നീണ്ടുനില്‍ക്കുന്ന ഒരു ദീര്‍ഘകാല ചികിത്സാ കാലഘട്ടം ആണ് എനിക്ക് മുന്നിലുള്ളത്. ദുരിതം നിറഞ്ഞ ഈ അവസ്ഥയില്‍ നിങ്ങളുടെ സാമീപ്യമാണ് ഞാനേറ്റവും ആഗ്രഹിക്കുന്നത്. എന്റെ രോഗശമനത്തിന് അനിവാര്യമായത്!

വാപ്പേ….കഴിഞ്ഞ കീമോക്ക് അഡ്മിറ്റ് ആയപ്പോള്‍, നിങ്ങള്‍ കിടന്നിരുന്ന അതേ റൂം ആണ് കിട്ടിയത്. റൂം നമ്പര്‍ 1313. കോര്‍ണറിലെ ആ വലിയ റൂം. സര്‍ജറി കഴിഞ്ഞ് അവശതയോടെ നിങ്ങള്‍ കിടന്നത് ഓര്‍ത്തു. എത്ര വലിയ സര്‍ജറി! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് കുഴലുകള്‍!

തൊണ്ടക്കുഴി മുതല്‍ പൊക്കിള്‍ വരെ നീണ്ട മുറിവ്.കൂടെ കീമോയുടെ അസ്വസ്ഥതകള്‍!

അന്ന് നിങ്ങള്‍ ക്ഷീണം വേദന എന്നൊക്കെ പറയുമ്പോള്‍, എന്റെ സങ്കല്‍പ്പത്തിലെ ഒരു മാക്‌സിമം ക്ഷീണവും വേദനയും ഉണ്ടായിരുന്നു. ഇപ്പോള്‍ അനുഭവത്തിലൂടെ അറിയുന്നുണ്ട്, സങ്കല്‍പ്പങ്ങള്‍ക്ക് അതീതമാണ് ക്യാന്‍സറിന്റെ ഓരോ വേദനയും പ്രയാസങ്ങളും ക്ഷീണവുമെന്ന്.

വാപ്പേ… എന്തൊക്കെ കെട്ടുകഥകളാണ് എന്‍ഐഎ നിങ്ങള്‍ക്ക് എതിരെ സൃഷ്ടിച്ചിരിക്കുന്നത്?! അവരുടെ നിര്‍മ്മിത ബുദ്ധിയില്‍ തോന്നിയത്! കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍, കുത്തും കോമയും അര്‍ദ്ധവിരാമവും അല്ലാതെ,മറ്റെന്താണ് അതില്‍ സത്യമായുള്ളത്! കള്ളക്കഥകള്‍ക്കാവട്ടെ, പൂര്‍ണ്ണവിരാമം ഉണ്ടാവില്ലല്ലോ…

2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കൊടുവാളുമായി, ദക്ഷിണേന്ത്യയില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് സൈനിക നീക്കം നടത്താന്‍ ശ്രമിച്ചത്രേ! എന്റെ പിതാവിന്റെ ബുദ്ധിയെയും വിവേകത്തെയും ഇത്രയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തതിലാണെന്റെ സങ്കടം! കെട്ടുകഥകള്‍ക്കും വേണ്ടേ മിനിമം യുക്തി!

കഴിഞ്ഞ മുപ്പത് കൊല്ലക്കാലം പോകുന്ന ഇടങ്ങളിലെല്ലാം ‘സാരേ ജഹാം സെ അഛാ ഹിന്ദുസ്ഥാന്‍ ഹമാരാ’ എന്ന് പാടുകയും പാടിപ്പിക്കുകയും ചെയ്തവര്‍ എന്നുമുതലാണ് രാജ്യദ്രോഹികളായത്?!

എനിക്ക് പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെങ്കിലും, നമ്മുടെ സംസാരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ പങ്കുവെക്കുന്ന അനുഭവങ്ങളിലൂടെ നിങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ നിങ്ങള്‍ പങ്കുവെച്ച ഒരനുഭവം ഞാനോര്‍ക്കുന്നു;

ഒരു യോഗത്തില്‍ വെച്ച് ഒരാള്‍ നിങ്ങളോട് ‘ റിഹാബ് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ മുസ്ലിം അല്ലാത്തവര്‍ക്കും നല്‍കുമോ’ എന്ന് ചോദിച്ചു.’മുസ്ലിംകള്‍ക്കും നല്‍കില്ല’ എന്ന് നിങ്ങളുടെ മറുപടി. സദസ്സ് മുഴുവന്‍ വിശദീകരണത്തിനായ് അദ്ഭുതത്തോടെ നിങ്ങളെ നോക്കിയത്.’ആവശ്യക്കാര്‍ക്ക് മാത്രമേ നല്‍കൂ – for the needy people only’ എന്ന നിങ്ങളുടെ മറുപടി.

വിശപ്പിനും ദാരിദ്ര്യത്തിനും രോഗത്തിനും മതമോ ജാതിയോ ഇല്ല.ഹിന്ദു ക്യാന്‍സര്‍ മുസ്ലിം ക്യാന്‍സര്‍, ഹിന്ദു വിശപ്പ് മുസ്ലിം വിശപ്പ്, എന്നിങ്ങനെയുണ്ടോ ഒരു വേര്‍തിരിവ്! രോഗം രോഗവും വിശപ്പ് വിശപ്പുമാണ്.

ഹിന്ദുവും മുസ്ലീമും ക്രൈസ്തവനും സിഖ്കാരനും ദലിതനും ആദിവാസിയുമെല്ലാം കലഹവും കലാപവുമില്ലാതെ സാഹോദര്യത്തോടെ ജീവിക്കുന്ന സഹിഷ്ണുവായ ഒരു ഇന്ത്യയാണ് നിങ്ങളുടെ സങ്കല്‍പ്പമെന്ന് അവിടെ വിശദീകരിച്ചത്.

എന്നിട്ടും വാപ്പേ…നിങ്ങളെ എങ്ങനെ എന്തിന് അവര്‍ ഹിന്ദു വിരോധിയാക്കി കഥകള്‍ മെനയുന്നു?

വാപ്പേ…എനിക്ക് നിങ്ങളെ കാണാന്‍ വളരെ ആഗ്രഹമുണ്ട്.പക്ഷേ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ഇനിയും വളരെ കാലം ചികിത്സ തുടരേണ്ടതുണ്ട്. നിങ്ങളെ കാണാന്‍ അവിടേക്കുള്ള ദീര്‍ഘയാത്ര ഇന്‍ഫെക്ഷന്‍ ആവാന്‍ കാരണമാവും.

നിങ്ങളെ കാണാനും ഒന്ന് കെട്ടിപ്പിടിക്കാനും അങ്ങനെ എന്റെ പ്രയാസങ്ങളും വേദനകളും ഇല്ലാതെ ആവാനും രോഗശമനത്തിനും നമ്മളുടെ ഈ രോഗാവസ്ഥയില്‍ നമ്മള്‍ ഒരുമിച്ച് തന്നെയുണ്ടാവാനും സര്‍വ്വശക്തനും കാരുണ്യവാനുമായ റബ്ബ് ഒരു മാര്‍ഗ്ഗം കാണിച്ച് തരുമെന്നുമുള്ള വിശ്വാസത്തോടെ… പ്രാര്‍ത്ഥനയോടെ…

അവസാനമായി ഒരു കാര്യം…
വാപ്പേ…. ക്യാന്‍സറിന്റെ എതിരില്ലാത്ത വേദനയുടെ തീരത്തിരുന്ന് ഞാന്‍ തുന്നിയ ഒരു സഞ്ചി കൊടുത്തയച്ചിരുന്നു. അത് കിട്ടിക്കാണുമല്ലോ. ഞാനെന്റെ തീരാത്ത സൂചിക്കുത്ത് വേദനയില്‍ നിന്ന് ഊരിയെടുത്ത സൂചിയും തോരാത്ത കണ്ണീരില്‍ നിന്ന് നൂറ്റെടുത്ത നൂലിലും തീര്‍ത്തതാണത്. അത് കൊണ്ട് എനിക്ക് ഒരപേക്ഷയുണ്ട്, വാപ്പ അതില്‍ ഒരു ചുംബനം നല്‍കണം! ഒരുമ്മ എങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി.

വാപ്പയുടെ ലിനു
ലീന തബസ്സും ഇ.എ