19
Jan 2026
Thu
19 Jan 2026 Thu
Prakash Raj and Tamilnadu minister PTR at KLF 2026

ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ പരാമര്‍ശിച്ച് തമിഴ്‌നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ‘ദക്ഷിണേന്ത്യ്ക്ക് തുരങ്കം വയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്താണ് ? ദക്ഷിണേന്ത്യയില്‍ ആര്‍ക്കാണ് ദേഷ്യം വരേണ്ടത്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു തമിഴ്‌നാടിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് മന്ത്രി. മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന മോഡറേറ്ററായ സെഷന്റെ അവസാനഘട്ടത്തില്‍ നടന്‍ പ്രകാശ് രാജും ഭാഗമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെഡറലിസത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കവെ ഉത്തരേന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള സാമ്പത്തിക അസമത്വം പളനിവേല്‍ ത്യാഗരാജന്‍ ചൂണ്ടിക്കാട്ടി. പതിനഞ്ചാം ധനകാര്യകമ്മീഷനെ പരാമര്‍ശിച്ചു കൊണ്ട്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തില്‍ വരുത്തിയ കുറവിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ദേശീയവരുമാനത്തിന്റെ വലിയൊരു ഭാഗം നല്‍കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. പക്ഷേ, തിരികെ ലഭിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. മേഖലയില്‍ സാമൂഹ്യ – സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കാലക്രമേണ ഈ വിടവ് വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തെക്കുറിച്ചും ഗവര്‍ണര്‍മാരുടെ പങ്കിനെക്കുറിച്ചും സെഷനില്‍ ചര്‍ച്ച നടന്നു. ഗവര്‍ണര്‍മാര്‍ നിയമനിര്‍മാണം വൈകിപ്പിക്കുന്നതും സ്ഥാപിത നടപടിക്രമങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതുമായ സംഭവങ്ങള്‍ പരാമര്‍ശിച്ച്, ഇത്തരം നടപടികള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.

2026ലെ നിര്‍ദ്ദിഷ്ട അതിര്‍ത്തി നിര്‍ണയമാണ് മറ്റൊരു ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച വിജയം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ശിക്ഷയെന്നോണം പാര്‍ലമെന്റിലെ സീറ്റുകള്‍ കുറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരം ഡല്‍ഹിയില്‍ കേന്ദ്രീകരിക്കുന്നതിന് പകരം സംസ്ഥാനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികേന്ദ്രീകരിച്ചു നല്‍കണമെന്നും പളനിവേല്‍ ത്യാഗരാജന്‍ ആവശ്യപ്പെട്ടു.

സെഷന്റെ അവസാനഘട്ടത്തില്‍ എത്തി ചര്‍ച്ചയുടെ ഭാഗമായ പ്രകാശ് രാജ് വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് രീതികളെ തന്റേതായ ശൈലിയില്‍ വിമര്‍ശിച്ചു. വിയോജിക്കുന്നവരെ ക്രിമിനലുകളായി കാണുന്ന രീതിയാണ് നിലവിലുള്ളതെന്നും ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജയില്‍വാസം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ശാശ്വതമല്ല എന്ന പ്രത്യാശയോടെയാണ് ചര്‍ച്ച അവസാനിച്ചത്. അടിച്ചമര്‍ത്തലുകള്‍ക്ക് ഇടയിലും ഭരണപരമായ മികവ് പുലര്‍ത്തുകയും വൈവിധ്യങ്ങള്‍ക്കായി പോരാടുകയും ചെയ്യുക എന്നതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള വഴിയെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.