ഇസ്രായേലിനെ ഞെട്ടിച്ച് തൂഫാനുല്‍ അഖ്‌സ മാതൃകയില്‍ വീ്ണ്ടും ഹമാസിന്റെ ആക്രമണം. ഖാന്‍ യൂനുസില്‍ ഇസ്രായേല്‍ പുതുതായി നിര്‍മിച്ച സൈനിക കേന്ദ്രത്തിലേക്കാണ് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിലെ പോരാളികള്‍ ഇരച്ചു കയറിയത്. ഇതിന്റെ ദൃ്ശ്യങ്ങള്‍ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു.
|
തങ്ങളുടെ ടെലിഗ്രാം ചാനലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ‘സ്റ്റോണ്‍സ് ഓഫ് ഡേവിഡ്’ (Stones of David) എന്ന ഓപ്പറേഷന്‍ പരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് 20-നാണ് ആക്രമണം നടന്നതെന്ന് ഖസ്സാം വ്യക്തമാക്കി.
പോരാളികള്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നതും, ഒരു തുരങ്കത്തിന്റെ മുഖത്തുനിന്ന് പുറത്തുവരുന്നതും, കനത്ത വെടിവയ്പ്പിനിടയിലും പുതുതായി നിര്‍മ്മിച്ച ഇസ്രായേല്‍ സൈനിക കേന്ദ്രത്തിലേക്ക് നീങ്ങുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
ALSO READ: ഫലസ്തീന്‍ അംബാസഡറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
ടാങ്ക് വേധ മിസൈലുകള്‍, മെഷീന്‍ ഗണ്ണുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുമായി എത്തിയ പോരാളികള്‍ നേര്‍ക്കു നേരെ ഏറ്റുമുട്ടി. തുടര്‍ന്ന് ഇസ്രായേലി സൈന്യത്തിന് കനത്ത നഷ്ടങ്ങള്‍ വരുത്തിയ ശേഷം സുരക്ഷിതമായി പിന്‍വാങ്ങി. സ്ഥലത്ത് നിന്ന് തീജ്വാലകളും കറുത്ത കനത്ത പുകയും ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പശ്ചാത്തലത്തില്‍ പോരാളികളുടെ ‘അല്ലാഹു അക്ബര്‍’ എന്ന മുദ്രാവാക്യവും കേള്‍ക്കാം.
ആക്രമണം ഇങ്ങിനെ
ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അല്‍-ഖസ്സാം കമാന്‍ഡര്‍മാരിലൊരാള്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്: പ്രദേശത്ത് ഇസ്രായേലിന് സമ്പൂര്‍ണ്ണ വ്യോമനിയന്ത്രണം ഉണ്ടായിരുന്നിട്ടും, ഓപ്പറേഷന് 24 മണിക്കൂര്‍ മുമ്പ് തന്നെ പോരാളികള്‍ സൈനിക കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഗസയിലെ കര നീക്കങ്ങളില്‍ ഇസ്രായേല്‍ സേനയുടെ പെരുമാറ്റം അവര്‍ പഠിച്ചത്, കൃത്യമായ ആസൂത്രണത്തോടെ റെയ്ഡ് നടത്താന്‍ സഹായിച്ചു. താല്‍ക്കാലികമായി സൈനിക കേന്ദ്രത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും, ഇസ്രായേലിന് ആള്‍നാശം വരുത്തിയ ശേഷം പിന്മാറാനും പോരാളികള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആക്രമണ സേനയില്‍ ഒരു കാലാള്‍പ്പട പ്ലാറ്റൂണ്‍ (Infantry Platoon) ഉണ്ടായിരുന്നതായും, ഇവര്‍ സൈനിക കേന്ദ്രത്തെയും അതിന് കാവല്‍ നിന്നിരുന്ന നിരവധി മേര്‍ക്കാവ 4 ടാങ്കുകളെയും ഷവാസ് ബോംബുകള്‍, അല്‍-യാസിന്‍ 105 ഷെല്ലുകള്‍, ആത്മഹത്യാ സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ലക്ഷ്യമിട്ടതായും അല്‍-ഖസ്സാം വ്യക്തമാക്കി.
ഇസ്രായേല്‍ സൈനികര്‍ ഉപയോഗിച്ചിരുന്ന അടുത്തുള്ള വീടുകളിലും പോരാളികള്‍ ഇരച്ചു കയറി. ലഘു ആയുധങ്ങള്‍, കൈബോംബുകള്‍, സ്‌നൈപ്പര്‍ വെടിവയ്പ്പ് എന്നിവ ഉപയോഗിച്ച് തൊട്ടടുത്തു നിന്ന് നിരവധി സൈനികരെ കൊലപ്പെടുത്തി. മേര്‍ക്കാവ 4 ടാങ്കിന്റെ കമാന്‍ഡറെ ഒരു പോരാളി വെടിവച്ച് കൊലപ്പെടുത്തിയതായും പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായേലിന്റെ കൂടുതല്‍ സൈനിക സഹായം എത്തുന്നത് തടയുന്നതിനായി പോരാളികള്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. തുടര്‍ന്ന്, തങ്ങളുടെ പിന്മാറ്റം സുരക്ഷിതമാക്കാന്‍ സൈനിക കേന്ദ്രത്തിലേക്ക് മോര്‍ട്ടാര്‍ ഫയറിംഗ് നടത്തി.
ഇസ്രായേലിന്റെ രക്ഷാപ്രവര്‍ത്തന സേന പിന്നീട് സ്ഥലത്തെത്തിയപ്പോള്‍, ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിച്ച് അവര്‍ക്കിടയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായും ബ്രിഗേഡ്സ് കൂട്ടിച്ചേര്‍ത്തു. ഈ ഓപ്പറേഷന്‍ നിരവധി മണിക്കൂറുകള്‍ നീണ്ടുനിന്നു. ഇസ്രായേല്‍ ഒഴിപ്പിക്കല്‍ ഹെലികോപ്റ്ററുകളുടെ വരവ് പോരാളികള്‍ നിരീക്ഷിച്ചിരുന്നു.
ആസൂത്രണ ഘട്ടത്തില്‍, ഒരു പോരാളി മുതിര്‍ന്ന അല്‍-ഖസ്സാം കമാന്‍ഡര്‍ മുഹമ്മദ് സിന്‍വാറിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരാമര്‍ശിച്ചു. അല്‍-ഖസ്സാം ബ്രിഗേഡ്സ് ‘ഒരു സൈനിക വിദ്യാലയമാണ്’ എന്നും, പോരാളികള്‍ പോരാട്ടം തുടരാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഖാന്‍ യൂനിസിലെ ഈ റെയ്ഡിനെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണത്തില്‍, ഈ ഓപ്പറേഷന് 2023 ഒക്ടോബര്‍ 7-ന് നടന്ന തൂഫാനുല്‍ അഖസയുമായി സമാനതകളുണ്ടെന്ന് കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം പിന്നീട് വ്യക്തമാക്കി.





