14
Jun 2023
Thu
14 Jun 2023 Thu

മലപ്പുറം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തന മികവിന് കുറ്റിപ്പുറം കെ.എം.സി.ടി കോളജിന് ലഭിച്ച നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാര രേഖ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു കോളജ് അധികൃതര്‍ക്ക് കൈമാറി. അക്കാദമിക് രംഗത്തെ പരിശീലനത്തിനൊപ്പം കുട്ടികളുടെ നൂതന ആശയങ്ങള്‍ക്ക് കൂടെ പ്രോല്‍സാഹനം നല്‍കാനായാല്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കണം. വിവിദങ്ങളായ ഉല്‍പാദക യൂനിറ്റുകള്‍ കാംപസുകളില്‍ വളര്‍ന്നു വരണം. സര്‍ക്കാര്‍ അത്തരത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസ നവോധാന മേഖലയില്‍ കെ.എംസി.ടി നടത്തുന്ന പ്രവര്‍ത്തനം മാതൃകാ പരമാണെന്നും സാങ്കേതിക വിദ്യഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ എന്‍.ബി.എ അംഗീകരത്തിലൂടെ കോളജിനു സാധ്യമാവട്ടെയെന്നും മന്ത്രി ആശംസിച്ചു. കോളജില്‍ സ്ഥാപിക്കുന്ന എമേര്‍ജിങ് ടെക്‌നോളജി ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു.

ചടങ്ങില്‍ സ്ഥാപക ചെയര്‍മാന്‍ ഡോ കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ഇന്‍ക്യൂബേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും ഇലക്ട്രോണിക് ബ്ലോക്ക് തറക്കല്ലിടല്‍ കര്‍മ്മവും പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബയോമെഡിക്കല്‍ ബ്ലോക്കിന്റെ തറക്കല്ലിടല്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, റിസേര്‍ച്ച് സെന്റര്‍ ഉദ്ഘാടനം കുറിക്കോളി മൊയ്തീന്‍ എം.എല്‍.എ, സെന്റര്‍ ഓഫ് ഡിസൈന്‍ എക്‌സലന്‍സ് ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഡയരക്ടര്‍ ഡോ. രാജശ്രീ എന്നിവര്‍ നിര്‍വ്വഹിച്ചു. സീനിയര്‍ ജോയിന്റ് രജിസ്റ്റട്രാര്‍ ഡോ. എം. രാമചന്ദ്രന്‍ അവാര്‍ഡ് വിതരണം നടത്തി. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രജിത സലീജ്, കെ.എം.സി.ടി എക്സിക്യൂട്ടിവ് ട്രസ്റ്റി ഡോ. ആയിഷ നസ്റിൻ, കോളജ് പ്രിൻസിപ്പൽ പി.എച്ച് സുബൈർ, സിദീഖ് പരപ്പാറ, സഭ കരീം, ടി.ടി മഞ്ചുഷ, പി.ഐ ബഷീര്‍, കെ. ഷിജി പ്രസംഗിച്ചു.