27
Apr 2024
Tue
27 Apr 2024 Tue

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഗംഭീര സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്കായി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോയുടെ അവസാനം ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും പത്രിക സമര്‍പ്പിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും അണിനിരക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.

അതേസമയം, വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്താന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മണ്ഡലത്തിലെത്തും. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രന്‍ തന്നെയാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്. നേരത്തെയും പലതവണ വയനാട് മണ്ഡലത്തില്‍ സ്മൃതി ഇറാനിയെത്തിയിരുന്നു.

‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപഌവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായി അറിയപ്പെട്ടിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത് സ്മൃതി ഇറാനിയായിരുന്നു. 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി അടക്കമുള്ളവരെ പലവട്ടം ജയിപ്പിച്ച മണ്ഡലം അതിന് മുമ്പ് രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിയത്.
Rahul Gandhi Wayanad Visit
Smriti Irani Wayanad Visit