01
Jun 2023
Sun
01 Jun 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന് അനുമതി നല്‍കി റെയില്‍വേ. സേവ് ദ ഡേറ്റ് ഉള്‍പ്പെടെയുള്ള ഏത് ഷൂട്ടിനും റെയില്‍വേ തന്നെ അവസരം ഒരുക്കിയിരിക്കുകയാണ്. ഫോട്ടോഷൂട്ടുകള്‍ക്ക് നിശ്ചിത ഫീസ് ഈടാക്കും. വിവാഹ സംബന്ധിയായ ഫോട്ടോ ഷൂട്ടുകള്‍, മറ്റ് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ എന്നിവയ്ക്ക് ഒരു ദിവസം 5000 രൂപയാണ് ഫീസ് ഈടാക്കുക. വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂട്ടിന് 2500 രൂപയാണ് ഈടാക്കുക. വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയാണ് ഫീസ്. ഓടുന്ന ട്രെയിനിലും റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലും ഫോട്ടോഷൂട്ട് നടത്താം. ഓടുന്ന ട്രെയിന്‍ ഉള്‍പ്പെടെയുള്ള സ്റ്റില്‍ ഫോട്ടോഗ്രഫിക്ക് 1500 രൂപ ഫീസ് ഈടാക്കും. അക്കാദമിക ആവശ്യങ്ങള്‍ക്കാണ് സ്റ്റില്‍ ഫോട്ടോഗ്രഫി എടുക്കുന്നതെങ്കില്‍ 750 രൂപ നല്‍കിയാല്‍ മതി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെങ്കില്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയ്ക്ക് 1000 രൂപയാണ് ഫീസ്.

റെയില്‍വേ വര്‍ക്ക്‌ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാര്‍ഡ്, ഗുഡ്‌സ് യാര്‍ഡ് എന്നിവിടങ്ങളില്‍ ഫോട്ടോഷൂട്ട് അനുവദിക്കില്ല. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷന്റിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളില്‍ ഫോട്ടോഷൂട്ട് അനുവദിക്കില്ല. ഫോട്ടോഷൂട്ടിനുള്ള അപേക്ഷകള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഏഴ് ദിവസം മുമ്പ് നല്‍കണമെന്നും റെയില്‍വേ വ്യക്തമാക്കി.

ട്രെയിനിന് മുകളില്‍ കയറി നിന്നോ ഫുട്‌ബോര്‍ഡില്‍ കയറി നിന്നോ ഉള്ള ഫോട്ടോഷൂട്ട് അനുവദിക്കില്ല. ഫോട്ടോഷൂട്ടിന് എത്തുന്നവര്‍ റെയില്‍വേയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഫോട്ടോഷൂട്ടിന് റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടാവുമെന്നും റെയില്‍വേ വ്യക്തമാക്കി.