കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത. ഇതിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
|
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത ഉണ്ട്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Yellow Alert
03/09/2024 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇന്നലെ അത് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure) മാറാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു.
മധ്യ പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സെപ്റ്റംബർ 5 ഓടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട്. ഇതിൻ്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.
വടക്ക് – പടിഞ്ഞാറൻ അറബിക്കടലിലെ അസ്‌ന ചുഴലിക്കാറ്റ് തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി കുറഞ്ഞു. തെക്ക് – തെക്ക് പടിഞ്ഞാർ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുന മർദ്ദമായി (Well Marked Low Pressure) വീണ്ടും ശക്തി കുറയാൻ സാധ്യത നിലനില്ക്കുന്നു.
മത്സ്യബന്ധനം പാടില്ല
മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.





