റാഞ്ചി: 2012-ലായിരുന്നു സംഭവം. ചൈബാസയില്‍ നിന്ന് അച്ഛനോടൊപ്പം പശ്ചിമ ബംഗാളിലെ ഹൗറയിലേക്ക് ഇഷ്ടികച്ചൂളയിലെ ജോലിക്കായി പോവുകയായിരുന്നു ബാലനായിരുന്ന രാജ ഗോപെ. തിരക്കിനിടയില്‍ അച്ഛന്റെ കൈ വിട്ടുപോയ രാജ അറിയാതെ കയറിയത് കേരളത്തിലേക്കുള്ള ട്രെയിനിലായിരുന്നു. എറണാകുളത്ത് ട്രെയിന്‍ ഇറങ്ങിയ ആ ആറു വയസുകാരന് തന്റെ നാടിന്റെ പേരും അച്ഛനമ്മമാരുടെ പേരും അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. വഴിതെറ്റിയ കുഞ്ഞിനെ സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തുകയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
|
എന്നാല്‍, ഒരു തീവണ്ടി യാത്രയില്‍ കൈവിട്ടുപോയ ജീവിതം 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജയ്ക്ക് തിരികെ ലഭിക്കുന്നു. 22 ആം വയസ്സിലാണ് ഒടുവില്‍ രാജ തന്റെ കുടുംബത്തെ കണ്ടെത്തുന്നത്. ഒരു സിനിമാക്കഥയെ വെല്ലുന്ന ഈ ജീവിതയാത്ര ഇന്ന് ജാര്‍ഖണ്ഡിലെ ഹരിമാര ഗ്രാമത്തില്‍ സന്തോഷവും അതോടൊപ്പം വിങ്ങുന്ന ഓര്‍മ്മകളും പടര്‍ത്തുകയാണ്.
ആറാം വയസ്സു മുതല്‍ കേരളത്തിലെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലായി വളര്‍ന്ന രാജ ഗോപെ, ഇതിനിടയില്‍ മലയാളം നന്നായി പഠിച്ചു. അടുത്തിടെ കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി രാജ കണ്ണൂരിലേക്ക് മാറി. അവിടെ വച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് തന്റെ ഗ്രാമത്തെയും വീടിനെയും കുറിച്ചുള്ള അവ്യക്തമായ ഓര്‍മ്മകള്‍ അവന് പങ്കുവെച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രാദേശിക പ്രവര്‍ത്തകര്‍ ‘റെയില്‍വേ ചില്‍ഡ്രന്‍’ എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് സംഘടനയുടെ ജാര്‍ഖണ്ഡ് കോര്‍ഡിനേറ്റര്‍ ഫര്‍ദീന്‍ ഖാന് രാജയുടെ ഒരു വീഡിയോ ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിച്ചു. ഈ വീഡിയോ പശ്ചിമ സിംഗ്ഭും ജില്ലയിലെ ഹരിമാര ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ മുന്നിലെത്തിയതോടെയാണ് 14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായത്. വീഡിയോയിലുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട തങ്ങളുടെ മകന് തന്നെയാണെന്ന് രാജയുടെ അമ്മ മണി തിരിച്ചറിഞ്ഞു.
സന്തോഷത്തിനിടയിലെ നോവ്
മകന് തിരിച്ചുവരുന്നു എന്ന വാര്‍ത്ത മണിക്ക് വലിയ ആശ്വാസമാണ് നല്കുന്നതെങ്കിലും ഒരു വലിയ സങ്കടം ബാക്കിയുണ്ട്. മകനെ തിരഞ്ഞ് മടുത്ത രാജയുടെ അച്ഛന് നാല് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ‘മകന് ജീവനോടെയുണ്ടെന്ന വാര്‍ത്തയില്‍ ഏറെ സന്തോഷം. പക്ഷേ, അവനെ കാണാന്‍ ഇന്ന് എന്റെ ഭര്‍ത്താവ് കൂടെയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍…’ – വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ മണി വിതുമ്പി.
ഇനി മടക്കയാത്ര
ജാര്‍ഖണ്ഡ്-കേരള വനിതാ ശിശുവികസന വകുപ്പുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ രാജയെ നാട്ടിലെത്തിക്കും. നാട്ടിലെത്തിയാല്‍ അവന് ആവശ്യമായ തൊഴില്‍ പരിശീലനവും തുടര്‍ സഹായങ്ങളും നല്‍കുമെന്ന് ചൈബാസയിലെ ശിശുക്ഷേമ സമിതി അറിയിച്ചു.
‘കുട്ടിയെ ജാര്‍ഖണ്ഡിലേക്ക് തിരികെ കൊണ്ടുവരാനും പുനരധിവാസ പദ്ധതികളുമായി ബന്ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്,’ ചൈബാസയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ എം.ഡി. ഷമീം പറഞ്ഞു. ‘നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ രാജയെ നാട്ടിലെത്തിക്കും. നാട്ടിലെത്തിയാല്‍ അവന് ആവശ്യമായ തൊഴില്‍ പരിശീലനവും തുടര്‍ സഹായങ്ങളും നല്‍കും,’ ഷമീം പറഞ്ഞു.



