ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയതിന് മുതിർന്ന മാധ്യമപ്രവർത്തകനും സിപിഎം രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
|
ഒരു ദേശീയ ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യം.
ജോൺ ബ്രിട്ടാസിന്റെ ലേഖനം സമൂഹത്തിൽ ധ്രുവീകരണം നടത്തുന്നതാണെന്നും രാജ്യദ്രോഹ പ്രവർത്തനത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി കേരള ഘടകം ജനറൽ സെക്രട്ടറി പി സുധീർ ആണ് പരാതി നൽകിയത്. നോട്ടീസ് അയച്ച കാര്യം രാജ്യസഭാ സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചു.
നോട്ടീസ് നൽകുന്നതിന് മുൻപ് ലേഖനത്തെ കുറിച്ച് ബ്രിട്ടാസിന്റെ വിശദീകരണം ഉപരാഷ്ട്രപതി കേട്ടിരുന്നു. ഫെബ്രുവരി 20ന് ഇന്ത്യൻ എക്സ്പ്രസിലാണ് ബ്രിട്ടാസിന്റെ ലേഖനം വന്നത്.
കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ ആക്ഷേപിച്ചുള്ള അമിത്ഷായുടെ പ്രസ്താവനക്കെതിരായിരുന്നു ലേഖനം. നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബി.ജെ.പി വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പ്രസംഗിച്ചിരുന്നു. ഇതിനെതിരായിട്ടായിരുന്നു ലേഖനം. ഇതാദ്യമായല്ല അമിത് ഷാ കേരളത്തെ അപമാനിക്കുന്നതെന്നും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ഭരണഘടനക്ക് പകരം മനുസ്മൃതി കൊണ്ടുവരാനുമാണ് അമിത് ഷായുടെ ശ്രമമെന്നും ലേഖനത്തിൽ ജോൺ ബ്രിട്ടാസ് വിമർശിച്ചിരുന്നു.





