|
റിയാദ്: പി എസ് ജിയുടെ സെന്റര്‍ ബാക്കായിരുന്ന സെര്‍ജിയോ റാമോസ് സൗദിയില്‍ എത്താന്‍ അരങ്ങൊരുങ്ങുന്നു. റാമോസിനെ സ്വന്തമാക്കാനുള്ള ശ്രമം സൗദി ക്ലബായ അല്‍ ഇത്തിഹാദ് ആരംഭിച്ചു. റാമോസിന് മുന്നില്‍ രണ്ട് വര്‍ഷത്തെ കരാര്‍ അല്‍ ഇത്തിഹാദ് വച്ചു. ഈ ട്രാന്‍സ്ഫര്‍ നടന്നാല്‍ മുന്‍ റയല്‍ മാഡ്രിഡ് താരങ്ങളായ ബെന്‍സീമയും റാമോസും വീണ്ടും ഒരുമിക്കുന്നത് കാണാം.
റാമോസിന് 10 മില്യണ്‍ വാര്‍ഷിക വരുമാനം ലഭിക്കുന്ന ഒരു കരാര്‍ തുര്‍ക്കി ക്ലബായ ഗലറ്റസറെയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ റാമോസ് തന്റെ അവസാന തീരുമാനം ഗലറ്റസറെയെ അറിയിക്കും.
റാമോസ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. പി എസ് ജിയില്‍ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണില്‍ കളിച്ചിരുന്നത്. പരിക്കിന്റെ പ്രശ്നങ്ങള്‍ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസണ്‍ ആയിരുന്നു റാമോസിന് പി എസ് ജിയില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ രണ്ടാം സീസണില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങള്‍ താരത്തിന് വലിയ ആരാധക പിന്തുണയും നല്‍കി. റാമോസിനെ നിലനിര്‍ത്താന്‍ പി എസ് ജി ശ്രമിച്ചിരുന്നുവെങ്കിലും താരം ക്ലബില്‍ തുടരാന്‍ വിസമ്മതിക്കുകയായിരുന്നു.


