തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷത്തിന്റെ സ്ഥിരസാന്നിധ്യമായ സിപിഐഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം. സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചു.
|
‘ഞാന്‍ ഏകദേശം 35 വര്‍ഷത്തോളം ഇടതുപക്ഷത്തോടൊപ്പമായിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കേരളത്തിലെ ടിവി ചാനലുകളില്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ആശയപരമായ മാറ്റമാണ്. ദ്രവിച്ച ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു, അങ്ങനെ പോയാല്‍ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതല്‍ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി.
‘കുറെ നാളുകളായി എനിക്ക് ക്ഷണമുണ്ട്. ഇന്നുമുതല്‍ എന്റെ ആശയങ്ങള്‍ ബിജെപിക്കൊപ്പമാണ്. പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും വിട്ടു. ഇന്ന് ഈ നിമിഷം മുതല്‍ എന്റെ വാക്കുകളും പ്രവര്‍ത്തികളും ബിജെപിക്കുവേണ്ടിയാണ്’, റെജി ലൂക്കോസ് കൂട്ടിച്ചേര്‍ത്തു.





