സാവോപോളോ: കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയോട് ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമായി മാപ്പുപറഞ്ഞ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. താരത്തിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ നെയ്മര്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. കാമുകിയുമായുള്ള ബന്ധത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒടുവില്‍ പരസ്യമായി മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍.നീണ്ട ഒരു കുറിപ്പാണ് നെയ്മര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമുകിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 31കാരനായ നെയ്മര്‍ കുറച്ച് കാലമായി ബ്രൂണയുമായി പ്രണയത്തിലാണ്. ഈ ബന്ധത്തില്‍ ബ്രൂണ ഗര്‍ഭിണിയുമാണ്. കാമുകിക്ക് തന്നെക്കുറിച്ച് യാതൊരുവിധ തെറ്റിദ്ധാരണയും ഉണ്ടാവരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ബന്ധം പഴയപോലെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
|
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായ നെയ്മര്‍ നിലവില്‍ പരിക്ക് കാരണം മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ബ്രസീലിന്റെ സൗഹൃദ മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല. 2021ല്‍ കോവിഡ് കാലത്താണ് നെയ്മറും ബിയാന്‍കാര്‍ഡിയും തമ്മില്‍ പ്രണയത്തിലാവുന്നത്. കയറ്റിറക്കങ്ങളുള്ള ഒരു ബന്ധമായിരുന്നു ഇത്. ഇടക്കാലത്ത് ഇവര്‍ വേര്‍പിരിഞ്ഞുവെങ്കിലും വീണ്ടും ബന്ധം തുടരുകയായിരുന്നു.
നെയ്മര്‍ ബിയാന്‍കാര്‍ഡിയെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ആരോപണം വന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഫെര്‍ണാണ്ടോ കാംപോസാണ് താരത്തിനെതിരെ ആരോപണം ഉന്നയിച്ചത്. താനും നെയ്മറും തമ്മില്‍ അടുപ്പത്തിലാണെന്നാണ് അവര്‍ വ്യക്തമാക്കിയത്. ബിയാന്‍കാര്‍ഡിയുമായി താനിപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ല ഉള്ളതെന്ന് നെയ്മര്‍ കാംപോസിനോട് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്ത് വന്നിരുന്നു. ഇതാണ് താരത്തെ വെട്ടിലാക്കിയത്.


