അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം, നിയമനടപടികള്‍ ഉണ്ടാകില്ല; പദ്ധതിയുമായി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ്
|
കോഴിക്കോട്: അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടാല്‍ നൂലാമാലകള്‍ ഓര്‍ത്തും മടികാരണവും പലരും തിരിഞ്ഞു നോക്കാറില്ല. നഗരങ്ങളില്‍ ആണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഇതിനൊരു പരിഹാരം എന്ന നിലയില്‍ അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം നല്‍കുന്ന പദ്ധതിയുമായി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം, അപകടത്തില്‍ പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികമായി 500 രൂപ നല്‍കും.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ 500 രൂപ അപ്പോള്‍ തന്നെ നല്‍കുന്നതാണ് പദ്ധതി. ലയണ്‍സ് ക്ലബ്ബ് 318 ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നഗരത്തില്‍മാത്രമാണ് പദ്ധതി നടപ്പാക്കുക. വിജയകരമായാല്‍ മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ മറ്റ് നിയപനടപടികളൊന്നും ഉണ്ടാവില്ലെന്നും പദ്ധതി വഴി കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.
Reward for taking accident victims to hospital; money to reach accounts


