22
Oct 2024
Sun
22 Oct 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാഡ്രിഡ്: ബദ്ധവൈരിയായ ബാഴ്സലോണയുമായുള്ള എൽ ക്ലാസിക്കോയിൽ നാണം കെട്ട് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. സൂപ്പർ താരം ലെവൻഡോസ്കിയുടെ ഇരട്ടഗോൾ ഉൾപ്പെടെ നാലു ഗോളുകൾ ആണ് റയൽ വലയിൽ ബാഴ്സ അടിച്ചു കയറ്റിയത്.  സ്വന്തം തട്ടകത്തിൽ നാണംകെട്ടാണ് റയൽ മടങ്ങിയത്.

സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ഇരട്ട ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോസ്കിയാണ് ബാഴ്സലോണയുടെ ഹീറോ. കൗമാര അത്ഭുതം യമിൻ യമാലും, റാഫീഞ്ഞയും ഓരോ ഗോളുകളും നേടി‌. റയലിന് വേണ്ടി എംബാപ്പെ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോൾ അനുവദിക്കപ്പെട്ടില്ല.

RMA 0-4 FCB, Lewandowski, Yamal and Raphinha score

കളിയുടെ മുപ്പതാം മിനിറ്റിൽ റയൽ മാഡ്രിഡ് മുന്നിലെത്തിയതായിരുന്നു. ലൂക്കാസ് വാസ്ക്വസിൽ നിന്ന് പാസ് സ്വീകരിച്ച് എംബാപ്പെ തൊടുത്ത ഷോട്ട് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോളല്ലെന്ന് വ്യക്തമായി. ആദ്യ പകുതി ഗോൾ രഹിതമായി പിരിഞ്ഞു‌.

അൻപത്തിനാലാം മിനിറ്റിൽ ബാഴ്സലോണ ലീഡെടുത്തു‌. കസാഡോ നൽകിയ കിടിലൻ ത്രൂ ബോൾ തകർപ്പൻ ഫിനിഷിങ്ങിലൂടെ ലെവൻഡോസ്കി റയലിൻ്റെ വലയിലാക്കുകയായിരുന്നു‌‌. രണ്ട് മിനിറ്റുകൾക്ക് ശേഷം റയൽ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ബാഴ്സയുടെ രണ്ടാം ഗോളെത്തി. ഇക്കുറിയും ലെവൻ തന്നെ ആണ് ലക്ഷ്യം കണ്ടത്. പിന്നാലെ ഹാട്രിക്ക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങൾ ലെവൻ പാഴാക്കി.

എഴുപത്തിയേഴാം മിനിറ്റിൽ ബാഴ്സലോണയുടെ ലീഡ് യമിൻ മൂന്നാക്കി ഉയർത്തി‌. മൂന്ന് ഗോളുകൾ വഴങ്ങിയപ്പോളേക്കും റയൽ മാനസികമായി തളർന്നു‌. എൺപത്തിനാലാം മിനിറ്റിൽ റാഫീഞ്ഞയിലൂടെയാണ് ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

ഈ സീസണിൽ പുതിയ കൊച്ചായ ഹാൻസി ഫ്ലിക്കിന് കീഴിൽ നിന്നും ഫോമിൽ ആണ് ബാഴ്സ. ജയത്തോടെ പോയിന്റ് നേട്ടം മുപ്പതിൽ എത്തിയ ബാഴ്സ ലീഗ് പട്ടികയിലും ഒന്നാമതുണ്ട്.

രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡിന് 27 പോയിന്റാണുള്ളത്. ഇക്കുറി ലീഗിലെ അവരുടെ ആദ്യ പരാജയം കൂടിയാണ് ബാഴ്സലോണക്ക് എതിരായത്.

Real Madrid vs Barcelona Highlight: RMA 0-4 FCB, Lewandowski, Yamal and Raphinha score as Barca wins El Clasico