|
ഭോപാല്‍: ജാമ്യം കിട്ടാന്‍ അതിജീവിതയ്ക്ക് രാഖി കെട്ടണമെന്ന് പീഡകനോട് ആവശ്യപ്പെട്ടതുള്‍പ്പെടെ വിവാദ വിധികള്‍ പുറപ്പെടുവിച്ച മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി ബി.ജെ.പിയില്‍ ചേര്‍ന്നു. വിരമിച്ച ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യ ആണ് സംഘ്പരിവാര്‍ ആലയത്തിലെത്തിയത്. ഭോപ്പാലിലെ ബി.ജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാഘവേന്ദ്ര ശര്‍മ്മയില്‍ നിന്ന് അദ്ദേഹം അംഗത്വമെടുത്തു.
ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പങ്കെടുത്ത സെമിനാറില്‍ അദ്ദേഹം പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് സംസാരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ബെഞ്ചിലെ ജഡ്ജിയാണ് രോഹിത്ത് ആര്യ. രാഖി കെട്ടാന്‍ വിസമ്മതിച്ച സ്ത്രീയെ അക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. 2020ലായിരുന്നു ഈ സംഭവം.
ഏതാനും വിവാദ വിധികളിലൂടെ ജഡ്ജിയായിരിക്കെ രോഹിത് ആര്യ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലൈംഗികപീഡനത്തിനിരയായ അതിജീവിതയ്ക്ക് രാഖി കെട്ടിയാല്‍ പ്രതിക്ക് ജാമ്യം നല്‍കാമെന്നായിരുന്നു രോഹിത് ആര്യയുടെ വിധി. ഇത് വന്‍ വിവാദമായിരുന്നു. പിന്നീട് സുപ്രിംകോടതി ഇടപെട്ട് വിധി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് കീഴ്കോടതികള്‍ക്ക് സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കെതിരേ ഹിന്ദുത്വവാദികള്‍ നല്കിയ കേസ് പരിഗണിച്ചത് രോഹിത് ആര്യയുടെ ബെഞ്ചായിരുന്നു. മുനവ്വര്‍ ഫാറൂഖിക്കെതിരേ നിശിതവിമര്‍ശനം ഉന്നയിച്ച് ജാമ്യം നിഷേധിക്കുകയാണ് ജഡ്ജി ചെയ്തത്. ഈ കേസിലും സുപ്രിംകോടതി ഇടപെടലുണ്ടായി. കൂടാതെ പിന്നീടും ഇത്തരത്തില്‍ അദ്ദേഹം സര്‍വീസിലിരിക്കെ നിരവധി തവണ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതായും വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
വിരമിച്ച് മൂന്നാംമാസമാണ് മുന്‍ ജഡ്ജിയുടെ നടപടി. 1984ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം 2003ല്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി. 2013ല്‍ ഹൈക്കോടതി ജഡ്ജിയായി. 2015ല്‍ സ്ഥിരനിയമനവും ലഭിച്ചു. പത്തുവര്‍ഷത്തിലേറെ നീണ്ട സേവനത്തിനൊടുവില്‍ ഏപ്രില്‍ 27നാണ് വിരമിച്ചത്.
അടുത്തിടെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാദ്യായ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
Rohit Arya, Former Madhya Pradesh High Court Judge Joins BJP
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





