08
Jul 2026
Wed
08 Jul 2026 Wed
POLICE

ചോദ്യം ചെയ്യാനായി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം യുവാവിന്റെ കണ്ണില്‍ എസ്‌ഐ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ 50000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ആഭ്യന്തര സെക്രട്ടറി. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. യുവാവിന് നല്‍കുന്ന നഷ്ടപരിഹാരത്തുക കുറ്റം ചെയ്ത എസ്‌ഐ സുമേഷ് ലാലിന്റെ ശമ്പളത്തില്‍ നിന്ന് ഈടാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ പ്രശ്‌നത്തില്‍ കസ്റ്റഡിയിലെടുത്ത ശ്രീനാഥ് എന്നയുവാവിനെ എസ്‌ഐ മര്‍ദ്ദിക്കുകയും പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്‌തെന്നാണ് പരാതി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് പരാതിക്കാരനായ ചിറയിന്‍കീഴ് സ്വദേശിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

2023 ഒക്ടോബര്‍ 9-ന് തിരുവനന്തപുരം ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം. ശ്രീനാഥും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് നിലവില്‍ കുടുംബ കോടതിയില്‍ നടന്നുവരികയായിരുന്നു. ഇതിനിടയില്‍ ശ്രീനാഥ് ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചിറയിന്‍കീഴ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപോര്‍ട്ടിലും എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമം സ്ഥിരീകരിച്ചിരുന്നു.

ALSO READ: തിരുവനന്തപുരത്ത് കെ കരുണാകരന്റെ പേരില്‍ മെഡിക്കല്‍ കോളജ്