ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജിയില്‍ സര്‍ക്കാരിന് തലവേദനയാകുന്ന തീരുമാനങ്ങളുമായി സുപ്രിംകോടതി. ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാ ഹരജിക്കാരും മാര്‍ച്ച് 14ന് മുന്‍പ് വാദങ്ങള്‍ എഴുതി നല്‍കണം.
|
കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരമേശ്വറിനെ അമിക്കസ്‌ക്യൂറിയായും നിയമിച്ചു. ഏപ്രില്‍ 7, 8, 9 , 14, 15, 16 തീയതികളിലും വാദം കേള്‍ക്കും. ഏപ്രില്‍ 22ന് അവസാനഘട്ട വാദം നടക്കും. ഏപ്രില്‍ 22ന് തന്നെ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കും.
അതേസമയം, പുനഃപരിശോധനാ ഹരജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഞ്ച് മതങ്ങളിലെ വിഷയങ്ങളാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക. റഫറന്‍സിനുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി തയ്യാറാക്കും. വാദങ്ങള്‍ ക്രോഡീകരിക്കാന്‍ നോഡല്‍ അഭിഭാഷകരെയും കോടതി നിയോഗിച്ചു.
നിയസമഭാ തിരഞ്ഞെടുപ്പ് ചൂടിനിടെ, സര്‍ക്കാര്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തേ സ്ത്രീ പ്രവേശനത്തിന് അനുകൂലമായായിരുന്നു സര്‍ക്കാര്‍. ഇത് ആയുധമാക്കിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയത്. അത് സര്‍ക്കാരിന് തിരിച്ചടിയായതായും വിലയിരുത്തലുണ്ടായിരുന്നു.





