സമസ്തയിലെ മുസ്ലിം ലീഗ് അനുകൂല വിഭാഗം പുതിയ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചന. ചെമ്മാട് ദാറുല്‍ ഹുദയില്‍ സമസ്തയിലെ ലീഗ് അനുകൂല നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നതായി റിപോര്‍ട്ട്. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമാണ് ഇക്കാര്യം പുറത്തുവിട്ടത്.
|
ലീഗ് അനുകൂല വിഭാഗം നേതാക്കളായ ബഹാവുദ്ദീന്‍ നദവി, സമസ്തയില്‍ നിന്നു പുറത്താക്കിയ ഹക്കീം ഫൈസി ആദൃശ്ശേരി മുശാവറയില്‍ നിന്നു സസ്പെഷനിലായ മുസ്തഫല്‍ ഫൈസി, ദാറുല്‍ ഹുദ സെക്രട്ടറി യു ഷാഫി ഹാജി, പട്ടിക്കാട് ജാമിഅ നൂരിയ്യ അധ്യാപകന് ഹംസ ഹൈത്തമി, റഹ്മാന് ഫൈസി കാവനൂര്‍ തുടങ്ങിയവരാണ് ദാറുല്‍ ഹുദയില്‍ ബഹാവുദ്ദീന്‍ നദവിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതെന്നാണ് അറിയുന്നത്.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവരുടെ രഹസ്യ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും ലീഗ് വിരുദ്ധ വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.
വരും ദിവസങ്ങളില്‍ സമസ്തയില്‍ നിന്നു ചില നേതാക്കള്‍ രാജി വെക്കുമെന്നും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ യോഗത്തിന്റെ ചര്‍ച്ചകള്‍ പ്രായോഗിക തലത്തിലേക്ക് വരുമെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം പലയിടങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരേ രഹസ്യ നീക്കം നടത്തിയിരുന്നു. സമസ്തയിലെ പ്രമുഖ നേതാക്കളുടെ ആശീര്‍വാദത്തോട് കൂടിയാണ് ഈ നീക്കമെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് ലീഗ് അനുകൂല വിഭാഗം യോഗം ചേര്‍ന്നത്.




