ഹൈദരാബാദ്: ഇന്ത്യൻ വനിതാ ടെന്നിസ് ഇതിഹാസം സാനിയാ മിർസ-ശുഹൈബ് മാലിഖ് വിവാഹമോചന വാർത്തകളാണ് അടുത്തിടെ സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ളത്. എന്നാൽ സാനിയാ മിർസയും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ശുഹൈബ് മാലിഖും ഈ വാർത്തയിൽ വ്യക്തത വരുത്തിയില്ലായിരുന്നു. ഇരുവരും ഒരുമിച്ചല്ല കഴിയുന്നതെന്നും റിപോർട്ട് ഉണ്ടായിരുന്നു. സാനിയ ഇന്ത്യയിലും ശുഹൈബ് ദുബയിലുമാണെന്നാണ് റിപോർട്ട്. പാക് നടി ആയിഷയുമായുള്ള ശുഹൈബ് മാലിഖിന്റെ ബന്ധമാണ് ഇരുവരുടെയും വിവാഹ ജീവിതത്തിൽ വിള്ളൽ വീഴ്ത്തിയതെന്നും റിപോർട്ട് ഉണ്ടായിരുന്നു.
|
സാനിയയുടെ വ്യത്യസ്തങ്ങളായ ട്വിറ്റർ പോസ്റ്റുകൾ തന്നെയാണ് ഇരുവരും തമ്മിൽ അസ്വാരസ്യം ഉണ്ടെന്ന വാർത്തകൾക്ക് ശക്തി പകരുന്നത്. മകൻ ഇഷാന്റെ ജൻമദിനാ ആഘോഷത്തിന്റെ ചിത്രങ്ങളിൽ ശുഹൈബ് മാലിഖിനെ ഒഴിവാക്കി ആയിരുന്നു സാനിയാ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ശുഹൈബ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ സാനിയ ഉണ്ടായിരുന്നു.
പാകിസ്താനിലെ ടെലിവിഷൻ ചാനൽ പരിപാടിയ്ക്കിടെ സാനിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശുഹൈബ് മറുപടി നൽകാത്തതും ഇരുവരും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ സൂചിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സാനിയ ഇൻസ്റ്റയിലൂടെ വീണ്ടും തന്റെ മാനസിക അവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്.
നിങ്ങൾക്ക് സത്യത്തെ കൈകാര്യം ചെയ്യാൻ ആവില്ല എന്ന ഹാഷ്ടാഗിലൂടെയാണ് താരം ഇത് വ്യക്തമാക്കിയത്. 2022ൽ തനിക്ക് ദീർഘമായ അടിക്കുറിപ്പില്ല. പക്ഷേ മനോഹരമായ കുറച്ചു സെൽഫികളുണ്ട്. ഏവർക്കും പുതുവൽസരാശംസകൾ. പിൻകുറിപ്പ്: 2022 തനിക്ക് ചില സമയങ്ങളിൽ നല്ല പണി തന്നിട്ടുണ്ടെന്നും എന്നാലത് താൻ ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും താരം കുറിച്ചു.
അതിനിടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണോടെ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. മിക്‌സഡ് ഡബിൾസിൽ രോഹൻ ബോപ്പെണ്ണയ്‌ക്കൊപ്പം താരം കളിക്കും.



