21
Mar 2023
Wed
21 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഉംറ നിര്‍വഹിച്ച് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. കുടുംബ സമേതമാണ് താരം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്.

മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് കൂടെയുള്ളത്. ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഹ്‌സാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്. എന്നാല്‍, ഭര്‍ത്താവ് ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടല്‍ മുറിയില്‍നിന്നുമൊക്കെയുള്ള ചിത്രങ്ങളാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
കഴിഞ്ഞ ജനുവരി 26ന് ഓസ്ട്രേലിയന്‍ ഓപ്പണിലാണ് ഗ്രാന്റ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹണ്‍ ബൊപ്പണ്ണയ്ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഫൈനലില്‍ എത്തിയിരുന്നു. ഫെബ്രുവരി 21ന് നടന്ന ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.