ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഉടക്കി നില്ക്കുന്ന ശശി തരൂര്‍ എം.പിക്ക് പ്രഥമ സവര്‍ക്കര്‍ പുരസ്കാരം. വിവാദ സംഘ്പരിവാര്‍ അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ് ഇന്ത്യയാണ്
അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ഇന്ന് തരൂര്‍ ഏറ്റുവാങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ശശി തരൂരിന്റെ ഓഫിസ് പറയുന്നത്. തരൂര്‍ ഹിന്ദുത്വ നേതാവായ സവര്‍ക്കറിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.
|
ആരാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് തനിക്കറിയില്ലെന്നും ഇങ്ങനെ ഒരവാര്‍ഡിനെ കുറിച്ച് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നുമായിരുന്നു ശശി തരൂര്‍ ഇന്നലെ പ്രതികരിച്ചത്. ‘ഈ അവാര്‍ഡിന്റെ പ്രസക്തിയെ കുറിച്ച് എനിക്ക് ഒരു പിടുത്തവുമില്ല. എന്തിനാണ് ഈ അവാര്‍ഡ് എന്ന് അറിയില്ല. ഞാന്‍ ഇങ്ങനെ ഒരവാര്‍ഡ് സ്വീകരിച്ചിട്ടേ ഇല്ല. അതേക്കുറിച്ച് അന്വേഷിക്കട്ടെ’ -എന്നും തരൂര്‍ പറഞ്ഞു.
ALSO READ: തെരുവില്‍ അലഞ്ഞ പശുവിന് ചിക്കന്‍ മോമോസ് നല്കി വ്ളോഗര്‍; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
കേരളത്തിലടക്കം നിരവധി വിവാദ ഇടപാടുകള്‍ നടത്തിയ സംഘടനയാണ് അജി കൃഷ്ണന് എന്നയാള്‍ നേതൃത്വം നല്കുന്ന എച്ച്ആര്‍ഡിഎസ് ഇന്ത്യ. നേരത്തെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്കി ഇവര്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.
ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് തരൂരിന് സവര്‍ക്കര്‍ പുരസ്കാരം സമര്‍പ്പിക്കുക. തരൂര്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി എച്ച്ആര്‍ഡിഎസ് നേതാവ് അജി കൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. ഓപറേഷന് സിന്ദൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ തരൂര്‍ സ്വീകരിച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിവധക്കേസില്‍ പ്രതിചേര്‍ക്കപ്പെടുകയുംചെയ്ത ഹിന്ദുത്വ തീവ്രവാദിയായ സവര്‍ക്കറുടെ പേരിലുള്ള പ്രഥമ പുരസ്കാരത്തിന് ഏഴുപേരെയാണ് സംഘടന തെരഞ്ഞെടുത്തത്. ചടങ്ങില്‍ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറായ മനോജ് സിന്‍ഹ മുഖ്യാതിഥിയാകും.





