എണ്ണയില്ലാതെയും സൗദി പിടിച്ചുനില്‍ക്കും; പെട്രോളിതര വരുമാനം സര്‍വകാല റെക്കോര്‍ഡില്‍
|
ജിദ്ദ: സമ്പന്ന എണ്ണ രാഷ്ട്രം ആണെങ്കിലും എണ്ണയും അതുമായി ബന്ധപ്പെട്ട വിഭവങ്ങളും ഇല്ലാതെയും പിടിച്ചുനില്‍ക്കാന്‍ പഠിച്ച് സൗദി അറേബ്യ. സൗദിയുടെ പെട്രോളിതര ആഭ്യന്തര ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവാണ് ഇക്കുറിയും രേഖപ്പെടുത്തിയത്. പെട്രോളിതര വരുമാനം 441 ബില്യണ്‍ റിയാലാണ്. ആകെ പൊതുവരുമാനത്തിന്റെ 37 ശതമാനം വരുമിത്. 2011 ല്‍ ഇത് ഏഴു ശതമാനം മാത്രമായിരുന്നു.
കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍ നേതൃത്വം നല്‍കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായാണ് പെട്രോളിതര വരുമാനത്തില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ക്രൂഡ്ഓയിലാണ് സൗദിയുടെ പ്രധാന വരുമാനം. ഇതൊഴികെയുള്ള മേഖലയില്‍ നിന്നുള്ള വരുമാനക്കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്. കഴിഞ്ഞ കൊല്ലം എണ്ണയിതര ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളിതര കയറ്റുമതി 25 ശതമാനമായി ഉയര്‍ന്നു. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇത് 18.7 ശതമാനമായിരുന്നു.
2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം എട്ടു വര്‍ഷത്തിനിടെ പട്രോളിതര വരുമാനം 165 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം പൊതുധനവിനിയോഗത്തിന്റെ 35 ശതമാനം പെട്രോളിതര മേഖലാ വരുമാനമാണ്. ഈ കൊല്ലം പൊതുധനവിനിയോഗം 1.275 ട്രില്യണ്‍ റിയാലാണ്. 2011 ല്‍ പൊതുധനവിനിയോഗത്തിന്റെ പത്തു ശതമാനം മാത്രമായിരുന്നു പെട്രോളിതര മേഖലാ വരുമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ സാമ്പത്തിക, ഘടനാ പരിഷ്‌കാരങ്ങള്‍ പെട്രോളിതര വരുമാന വളര്‍ച്ചക്ക് സഹായിച്ചു.
ആഗോള തലത്തില്‍ തുടരുന്ന പണപ്പെരുപ്പത്തില്‍ നിന്ന് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ശ്രമിച്ച് സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള ധനവിനിയോഗം വര്‍ധിപ്പിച്ചതും സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമം തുടരുന്നതുമാണ് പൊതുധനവിനിയോഗം വര്‍ധിക്കാന്‍ ഇടയാക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





