റിയാദ്: അല്‍ ഹിലാലിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംങ് ആയ നെയ്മറിന്റെ അരങ്ങേറ്റം ഇന്ന് നടക്കാന്‍ സാധ്യത. സൗദി പ്രൊ ലീഗില്‍ ഇന്ന് അല്‍ ഹിലാല്‍ അല്‍ റിയാദിനെ നേരിടുന്നുണ്ട്. നെയ്മര്‍ ഈ മത്സരം കളിക്കില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ബ്രസീലില്‍ നിന്ന് തിരികെയെത്തിയ നെയ്മര്‍ അല്‍ ഹിലാലിനൊപ്പം പരിശീലനം നടത്തി.
|
നീണ്ടകാലമായി പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ബ്രസീലിനായി കളിച്ചു കൊണ്ട് കളത്തിലേക്ക് തിരികെയെത്തിയിരുന്നു. രണ്ടു മത്സരങ്ങള്‍ കളിച്ച നെയയ്മര് രണ്ടിലും ബ്രസീല്‍ വിജയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് രാത്രി 11.30നാണ് അല്‍ ഹിലാലും റിയാദും തമ്മിലുള്ള മത്സരം. വിജയിച്ചാല്‍ അല്‍ ഹിലാലിന് ലീഗില്‍ ഒന്നാമത് എത്താം.
അതിനിടെ , അല്‍ ഹിലാലിനോട് ഏറ്റ പരാജയത്തില്‍ നിന്ന് ഒരു വിജയത്തോടെ അല്‍ ഇത്തിഹാദ് കരകയറി. ഇന്ന് എവേ മത്സരത്തില്‍ അല്‍ ഒഖൂദിനെ നേരിട്ട അല്‍ ഇത്തിഹാദ് ഏക ഗോളിനാണ് വിജയിച്ചത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഇത്തിഹാദിന്റെ വിജയം. മത്സരത്തിന്റെ 72ആം മിനുട്ടില്‍ ആയിരുന്നു വിജയ ഗോള്‍ വന്നത്. ഇത്തിഹാദിന്റെ സൂപ്പര്‍ താരമായ ബെന്‍സീമ തന്നെ രക്ഷകനായി.
ഈ വിജയത്തോടെ അല്‍ ഇത്തിഹാദ് വീണ്ടും ലീഗില്‍ ഒന്നാം സ്ഥാനത്ത് ആയി. 6 മത്സരങ്ങളില്‍ നിന്ന് ഇത്തിഹാദിന് 15 പോയിന്റ് ഉണ്ട്. 5 മത്സരങ്ങള്‍ കളിച്ച അല്‍ ഹിലാല്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. അല്‍ ഇത്തിഹാദ് കളിച്ച 6 മത്സരങ്ങളില്‍ 5 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി.


