കൊച്ചി: നെടുമ്പാശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാക്കള്‍ ഓടിച്ച ആഡംബര കാറിടിച്ച് മൂന്ന് പേര് കൊല്ലപ്പെട്ട നടുക്കം മാറും മുന്‍പേ കൊച്ചിയില്‍ സമാനമായ മറ്റൊരു ദാരുണാപകടം കൂടി. അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ തട്ടുകട ഉടമ കൊല്ലപ്പെട്ടു. മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണന് (ജയബാലകൃഷ്ണന്‍) ആണ് മരിച്ചത്.
|
പ്രധാന വിവരങ്ങൾ (Key Highlights)
- ദാരുണാപകടം: കൊച്ചി ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ അതിവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണൻ (ജയബാലകൃഷ്ണൻ) മരിച്ചു.
- അഡീഷണൽ ജഡ്ജിയുടെ കാർ: അപകടമുണ്ടാക്കിയ ആഡംബര ബെൻസ് കാർ അഡീഷണൽ ജഡ്ജിയുടെ പേരിലുള്ളതാണ്. വാഹനം ഓടിച്ചിരുന്ന ജഡ്ജിയുടെ 17 വയസ്സുള്ള മകനെ ചേരാനല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
- ഗുരുതര വകുപ്പുകൾ: അലക്ഷ്യമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയതിന് ഭാരതീയ ന്യായ സംഹിത (BNS) 281, 106(1) എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു.
- തുടർച്ചയായ രണ്ടാമത്തെ അപകടം: നെടുമ്പാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാർ ഓടിച്ച ആഡംബര മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് കൊച്ചിയിൽ വീണ്ടും സമാനമായ അപകടം ഉണ്ടാകുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ചേരാനല്ലൂര്‍ പോലീസിങ് അതിര്‍ത്തിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാഹനമോടിച്ച 17-കാരനെ ചേരാനല്ലൂര്‍ പോലീസ് ഉടനടി കസ്റ്റഡിയിലെടുക്കുകയും അപകടത്തില്‍പ്പെട്ട ബെന്‍സ് കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പോലീസും ജഡ്ജിയും മോശമായി പെരുമാറിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കടയടച്ച് വീട്ടിലേക്ക് മടങ്ങവെ ദുരന്തം
തട്ടുകടയിലെ ജോലി കഴിഞ്ഞ് കച്ചവട സാമഗ്രികളുമായി പുലര്‍ച്ചെ വീട്ടിലേക്ക് സ്വന്തം സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു ജയപാലകൃഷ്ണന്. ചേരാനല്ലൂരില്‍ വെച്ച് പിന്നില്‍ നിന്നുമെത്തിയ ബെന്‍സ് കാര്‍ അമിതവേഗതയില്‍ സ്കൂട്ടറിന് പിന്നില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ കടുത്ത ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി. ജയപാലകൃഷ്ണന് റോഡില്‍ ദൂരേക്ക് തെറിച്ചു വീഴുകയും, സ്കൂട്ടറിലുണ്ടായിരുന്ന അരിയും മറ്റ് സാധനങ്ങളും റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ജയപാലകൃഷ്ണനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കസ്റ്റഡിയിലുള്ളത് അഡീഷണല്‍ ജഡ്ജിയുടെ മകന്
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചേരാനല്ലൂര്‍ പോലീസ് കാര്‍ ഓടിച്ചിരുന്ന 17-കാരനെ കസ്റ്റഡിയിലെടുത്തു. അഡീഷനല്‍ ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകനാണ് കസ്റ്റിഡിലായത്. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാല്‍ റോഡിലെ കാഴ്ച മങ്ങിയിരുന്നുവെന്നാണ് പിടിയിലായ 17-കാരന് നല്‍കിയിട്ടുള്ള പ്രാഥമിക മൊഴി.
എന്നാല്‍ വാഹനത്തിന്റെ അമിതവേഗതയും നിയന്ത്രണം വിട്ട ഡ്രൈവിംഗുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ BNS 281 (പൊതുവഴിയില്‍ അലക്ഷ്യമായും അപകടകരമായും വാഹനമോടിക്കല്‍), BNS 106(1) (ശ്രദ്ധയില്ലായ്മ മൂലമുള്ള അശ്രദ്ധമായ ഡ്രൈവിംഗിലൂടെ ഒരാളുടെ മരണത്തിന് കാരണമാകല്‍) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന മാതാപിതാക്കള്‍ക്കെതിരെയുള്ള മോട്ടോര്‍ വാഹന നിയമത്തിലെ നിര്‍ണായക വകുപ്പുകളും കേസിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും, നിയമപരമായ എല്ലാ തുടര്‍നടപടികളും കര്‍ശനമായി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗുരുതര ആരോപണവുമായി കുടുംബം
അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസ് മൊബൈലില്‍ നിന്ന് പ്രതിയുടെ ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഫോട്ടോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കേസില്‍ പ്രതിയാകുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. 17കാരന് ജഡ്ജിയുടെ മകനാണെന്ന് അറിഞ്ഞതോടെയാണ് പോലീസ് ഈ രീതിയില്‍ പെരുമറിയതെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ ജഡ്ജി റിനോ ഫ്രാന്‍സിസും പരുഷമായി പെരുമായതായി ബന്ധുക്കള്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് എങ്ങിനെ വാഹനം കൊടുത്തു എന്ന് ചോദിച്ചപ്പോള്‍ തന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. എഫ്ഐആറില്‍ കുട്ടികയുടെ പേരില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Tags: Kochi Minor Driving Accident, Cheranalloor Car Accident Judge Son, Kochi Benz Car Scooter Crash, Kerala News Malayalam, Ernakulam Crime News, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




