24
Jul 2024
Wed
24 Jul 2024 Wed
Thodupuzha students rescue work

ചെറുതോണി (ഇടുക്കി): വഴിതെറ്റുന്ന ന്യൂജന്‍ തലമുറയെ പഴിപറഞ്ഞിരിക്കുന്ന മുതിര്‍ന്നവര്‍ക്കു മുന്നില്‍ തിരുത്തലായി രണ്ട് വിദ്യാര്‍ത്ഥികള്‍.(School students came to the rescue of a man who was bleeding in the muddy water of the bus stand )  ബസ് സ്റ്റാന്‍ഡിലെ ചെളിവെള്ളത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്നു കിടന്നയാളെ മുതിര്‍ന്നവര്‍ ആരും തിരിഞ്ഞുനോക്കാതിരുന്നപ്പോള്‍ രക്ഷകരായത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ അഡോണും ജിന്‍സും ആണ് ആ ഹീറോസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ചേലച്ചുവട് ബസ്റ്റാന്റിലാണ് സംഭവം. തലയ്ക്കു പരിക്കേറ്റു ചോര വാര്‍ന്ന് ബസ് സ്റ്റാന്‍ഡിലെ ചെളിവെള്ളത്തില്‍ കിടക്കുകയായിരുന്നു യുവാവ്. വെള്ളമടിച്ച് കിടക്കുകയാണെന്ന ധാരണയില്‍ പതിവ് ഡയലോഗുമായി യാത്രക്കാരെല്ലാം കടന്നുപോയി. ആ സമയത്താണ് അഡോണും ജിന്‍സും അവിടെ എത്തിയത്.

കാരണം എന്ത് തന്നെയായാലും കിടക്കുന്നത് ഒരു മനുഷ്യജീവനാണെന്ന് തിരിച്ചറിഞ്ഞ അവര്‍ സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച് യുവാവിനെ സിഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചു. പതിവ് രീതിയില്‍ അവിടെ ഉപേക്ഷിച്ച് പോകുകയല്ല കുട്ടികള്‍ ചെയ്തത്. ഡോക്ടര്‍മാരുടെ പരിശോധനാ ഫലം വരുന്നത് വരെ കാത്തു. പരിക്ക് ഗുരുതരമാണെന്നും മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. തുടര്‍ന്ന് കുട്ടികള്‍ തന്നെ പരിക്കേറ്റ യുവാവുമായി ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു തിരിച്ചു.

ഇതിനിടെ ആംബുലന്‍സ് ഡ്രൈവറുടെ ഫോണ്‍ വാങ്ങി കുട്ടികള്‍ സ്വന്തം വീടുകളില്‍ വിവരം അറിയിച്ചു. മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം യുവാവിന്റെ ഫോണില്‍ നിന്ന് സുഹൃത്തുക്കളെ വിളിച്ചറിയിക്കാനും ഇവര്‍ തയാറായി. ആശുപത്രിയില്‍ കൂട്ടുനില്‍ക്കാന്‍ ആളില്ലാതെ വന്നതോടെ കുട്ടികള്‍ പിന്നെയും അവിടെ തന്നെ തങ്ങേണ്ടി വന്നു. ഒടുവില്‍ ഇടുക്കി പൊലീസ് എത്തി മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ചുമതലയേല്‍പിച്ച ശേഷം രാത്രിയിലാണ് കുട്ടികള്‍ക്കു വീടുകളിലേക്ക് മടങ്ങിപ്പോകാനായത്.

തൃശൂര്‍ സ്വദേശിയായ ജിസ്‌മോന്‍ എന്ന യുവാവായിരുന്നു അപകടത്തില്‍പെട്ടത്. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ചെളിയില്‍ തെന്നി വീഴുകയായിരുന്നു. ഇന്നലെ ആശുപത്രിയില്‍ നിന്ന് ജിസ്‌മോന്‍ നാട്ടിലേക്കു മടങ്ങി. ചേലച്ചുവട് പേയ്ക്കല്‍ സന്തോഷിന്റെ മകനായ അഡോണും വിച്ചാട്ട് സജിയുടെ മകനായ ജിന്‍സും ഇപ്പോള്‍ ജിസ്‌മോന്റെ കുടുംബത്തിന്റെയും ഒപ്പം നാട്ടുകാരുടെയും ഹീറോസ് ആയി മാറിയിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക