12
Apr 2026
Sun
12 Apr 2026 Sun
shobha surendran

Shobha Surendran ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ശോഭ സുരേന്ദ്രനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജില്ലാ നേതാവ്. വോട്ടിന് പണം നല്‍കുന്നത് ശോഭ സുരേന്ദ്രന്റെ സ്ഥിരം സ്വഭാവമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും പണം നല്‍കിയെന്നും ബി.ജെ.പി മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാര്‍ ആരോപിച്ചു. ആലപ്പുഴയില്‍ ശോഭ പണം കൊടുത്ത കാര്യം എല്ലാവര്‍ക്കും അറിയാം. ശോഭ തന്നെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാന്‍ എന്തുകൊണ്ട് സംസ്ഥാന നേതൃത്വം തയാറാകുന്നില്ലെന്നും അവര്‍ ചോദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ശോഭക്കെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കിയിരുന്നു. വാട്ട്‌സ്ആപ് കോള്‍ റെക്കോഡ് സഹിതമാണ് പരാതി നല്‍കിയത്. പിന്നാലെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് ബിന്ദുവിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.

ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടെന്നതടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളും ബിന്ദു ഉന്നയിച്ചു. ശോഭയുടെ രാഷ്ട്രീയ നീക്കങ്ങളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നും ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അവരുടെ ആവശ്യം.

ശോഭയുടെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ജസ്റ്റിന് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കണം. കൃത്യമായ അന്വേഷണം നടന്നാല്‍ പല രഹസ്യങ്ങളും പുറത്തുവരും. ശോഭയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ഈ അന്വേഷണം അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദുവാണെന്ന് ആരോപിച്ചാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ശോഭ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ”നിന്നെ ഞാന്‍ കാണിച്ചുതരാം, അടിച്ച് നിന്റെ ചെപ്പക്കുറ്റി പൊട്ടിക്കും. പണിക്കുറവ് തീര്‍ത്തുതരാം” തുടങ്ങിയ കേട്ടാല്‍ അറക്കുന്ന വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ഭീഷണി.

ആലപ്പുഴ ബി.ജെ.പിയില്‍ ശോഭ പക്ഷക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ പേരില്‍ ശോഭ പക്ഷക്കാരെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ഇടപെട്ട് മാറ്റിയതാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു. ശോഭക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമീഷന്‍ രേഖപ്പെടുത്തിയിരുന്നു.പാലക്കാട് നിയോജക മണ്ഡലത്തിലെ വരണാധികാരിയായ ആര്‍.ഡി.ഒയാണ് ശോഭ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയത്. പാലക്കാട് സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഏപ്രില്‍ എട്ടിന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തു എന്നാണ് പരാതി.