“എന്റെ കൈപിടിച്ചാ എന്റെ മോൾ എന്നെ കൊണ്ടുനടന്നത്. മൂന്ന് ഉംറ ഞങ്ങൾ ചെയ്തു. എന്റെ പൊന്നുമകൾ എന്നെ ഒറ്റയ്ക്ക് ആക്കി പോയി… എത്ര സന്തോഷത്തോടെയാ ഞങ്ങൾ വന്നത്. ഇനി എങ്ങനെ ഞാൻ തിരിച്ചു പോകും. അവളുടെ മക്കളോട് എന്താ ഞാൻ പറയുക”- ഉംറ നിർവഹിക്കാനെത്തി കഴിഞ്ഞദിവസം മക്കയിൽ ന്യൂമോണിയ ബാധിച്ചു മരിച്ച മഞ്ചേരി സ്വദേശിനി ഷാഹിനയുടെ വേര്‍പാട് അറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നു ഉമ്മയുടെ വാക്കുകളാണിത്. പ്രിയപ്പെട്ടവരെയും പ്രവാസി സാമൂഹിക പ്രവർത്തകരേയും കടുത്ത ദുഃഖത്തിലാഴ്ത്തിയതായിരുന്നു ഉമ്മയേയും കൊണ്ട് ഉംറയ്ക്ക് വന്ന ഷാഹിനയുടെ വേർപാട്.
|
മാതാവ് തിത്തുമ്മയോടൊപ്പമാണ് ഷാഹിന ഉംറ നിര്‍വഹിക്കാനെത്തിയത്. എന്നാല്‍ ഉമ്മയെ തനിച്ചാക്കി മകള്‍ അപ്രതീക്ഷിതമായി വിട പറയുകയായിരുന്നു. ആശുപത്രിയില്‍ ഇരുവരെയും സന്ദര്‍ശിച്ചുകൊണ്ടിരുന്ന മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ മുജീബ് പൂക്കോട്ടൂര്‍ ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കണ്ണുനനയിക്കുന്നതാണ് മുജീബിന്റെ കുറിപ്പ്.
തിങ്കളാഴ്ച സുബഹി നമസ്കാരത്തിന് ശേഷം ജനലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്കാരം കഴിഞ്ഞ് ഹറമിനടുത്തെ ശറായ ഖബർസ്ഥാനിൽ ബ്ലോക്ക് 15 ൽ 441ാമത്തെ ഖബറിൽ ഷാഹിനയെ ഖബറടക്കി. മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുകയും ചെയ്യുന്ന അഷ്റഫ് എന്ന ബാപ്പുവിന്റെ ഭാര്യയാണ് ഷാഹിന. ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേരാണ് മരണാനന്തര കർമങ്ങളിൽ പങ്കെടുത്തത്. ഷായി മോൾക്ക് അന്ത്യചുംബനം നൽകി ഉമ്മ നിറകണ്ണീരോടെ അവളില്ലാതെ ഇനി നാട്ടിലേക്ക് മടങ്ങുമെന്ന് അദ്ദേഹം പറയുന്നു.
മുജീബിന്റെ കുറിപ്പ്
ഷായിമോൾക്ക് അന്ത്യചുംബനം നൽകി ഉമ്മ നിറകണ്ണീരോടെ കുട്ടിന് ഷായിമോൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങും. മഹാമാരിക്ക് ശേഷം കേരളത്തിൽനിന്ന് ഉംറവിസയിലും വിസിറ്റിങ്ങ് വിസകളിലും ധാരാളം തീർത്ഥാടകർ വിശുദ്ധഭൂമിയിൽ എത്തുന്നുണ്ട്.. ഒട്ടുമിക്കദിവസങ്ങളിലും ഒന്നും അതിൽകൂടുതലും മരണങ്ങളും സംഭവിക്കുന്നു. കൂടുതലും FB യിൽ കുറിക്കാറില്ല.
ചില മരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മറക്കാൻ കഴിയാതെ കണ്ണിൽനിന്നും മായാത്ത ചില അനുഭവങ്ങൾ ആയിരിക്കും. അത്തരം ഒരു അനുഭവമാണ് ഇന്നലെ കഴിഞ്ഞത്. നാല് ദിവസം മുമ്പ് ഒരു മരണ കേസുമായി മക്കയിലെ കിംഗ് ഫൈസൻ ആശുപത്രി എമർജൻസിയിൽ എത്തിയപ്പോൾ ഒരു ഉമ്മയെ ശ്രദ്ധയിൽപ്പെട്ടു. അടുത്ത് എത്തി ഉമ്മയോട് കാര്യങ്ങൾ തിരക്കി. ”ഞാനും മോളും ഉംറക്ക് വന്നതായിരുന്നു. മോൾക്ക് വല്ലാത്ത ക്ഷീണം. അവൾക്ക് ശ്വാസം കിട്ടുന്നില്ല. ആ റൂമിന്റെ അകത്താണ് ഉള്ളത്. ഒരു വിവരവും അറിയുന്നില്ല. എന്താണാവോ കുറെ സമയമായി ഇവിടെ ഇരിക്കുകയാണ്. “ഞാൻ ഒന്ന്കേറി അന്വഷിച്ചു വരാം. എന്ന എന്റെ മറുപടിയിൽ ആ ഉമ്മയുടെ മുഖത്തെ സന്തോഷം എനിക്ക് മനസ്സിലായി.
അകത്തുപോയി ഓക്സിജൻ മാസ്ക്ക് വെച്ച് ഒരു ഇത്ത കിടക്കുന്നു. ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു. നീല തട്ടവും ഒരു മാലയും. അടുത്തെത്തി താത്താ എന്ത്പറ്റി. കുറെ സമയത്തിന് ശേഷം ഒരു മലയാളം ശബ്ദം കേട്ടിട്ടാവണം സന്തോഷത്തോടെ എന്നെ നോക്കി മാസ്ക്ക് മാറ്റി. ശ്വാസം കിട്ടുന്നില്ല… നല്ല കിതപ്പും.. സംസാരിക്കാൻ കഴിയുന്നില്ല.. നല്ല ക്ഷീണം.. സംസാരിക്കണ്ട… ഞാൻ ഡോക്ടർമാരുമായി സംസാരിക്കട്ടെ.. നമുക്ക് റൂമിലേക്ക് പോകാട്ടോ.. ഉമ്മയും മറ്റും പുറത്ത് കാത്തിരിക്കുന്നുണ്ട് എന്ന് പറഞ്ഞ ഉടനെ കണ്ണുനീർ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.
നിങ്ങൾ കരയല്ലി. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഞാൻ ഡോക്ടറുടെ അടുത്തേക്ക് പോയി കാര്യങ്ങൾ അന്വഷിച്ചു. എക്സറേ എടുത്തു ചെസ്റ്റ് വളരെ വീക്ക്ആണ്.. ന്യൂമോണിയയും എച്ച് വൺ പനിയും നല്ലവണ്ണം പിടിപ്പെട്ടിട്ടുണ്ട് icu വിലേക്ക് മാറ്റണം, ബെഡിനായി വെയ്റ്റ് ചെയ്യുകയാണ്. രാത്രിയോടെ എന്തായാലും icu വിലേക്ക് മാറ്റും.. കാര്യങ്ങൾ കുറച്ച് മോശമാണ്.. രാത്രിയോടെ മാറ്റി.. എല്ലാ ദിവസവും സന്ദർശന സമയത്ത് പോയി കാണും.. കാര്യങ്ങൾ അന്വഷിക്കും. ഒരോ ദിവസവും കൂടുംതോറും രോഗം മൂർച്ചിക്കാൻ തുടങ്ങി.. മരുന്നുകൾക്ക് പ്രതികരിക്കാതെയും തുടങ്ങി. അവസാനം വിധിക്ക് കീഴടങ്ങി. ഇന്നലെ ഉച്ചക്ക് 2 മണിയോടെ മരണപ്പെട്ടു.
രാവിലെതന്നെ icuവിൽ ഉള്ള മലയാളി നഴ്സുമാർ മെസേജ് തന്നിരുന്നു അതീവഗുരുതരാവസ്ഥയിൽ ആണ് എന്ന്. മരണപ്പെട്ട ഉടനെ മരണവിവരം അറിയിക്കുകയും ചെയ്തു… ഉടനെ ഞാൻ ആശുപത്രിയിൽ എത്തി.. വിവരം ലഭിച്ചഉടൻ ബന്ധുക്കൾക്ക് വിവരം കൊടുത്തു… ഉമ്മയെയുമായി ഹോസ്പിറ്റൽ വരുക.. ഉമ്മ രാവിലെ മദീനയിലെക്ക് യാത്ര തിരിക്കും എന്ന് അറിയിച്ചിരുന്നു.. മദീനയിലേക്കുള്ള ബസ് 9 മണിക്ക് എത്തും എന്നാ പറഞ്ഞിരുന്നത്.. പക്ഷേ ബസ് എത്താൻ വെകി. വിവരം അറിഞ്ഞപ്പോൾ ബസിൽ മറ്റുള്ള ഉംറ സംഘത്തോടൊപ്പം യാത്രക്കായി കേറി ഇരിക്കുകയായിരുന്നു.
ഉടനെ ഉമ്മയോട് വിവരം പറയാതെ ഹോസ്പിറ്റലിലേക്ക് നമുക്ക് പോകാം.. നമുക്ക് മദീനയിലേക്ക് പിന്നെ പോകാം. നമുക്ക് ഇപ്പോൾ ഷായിമോളുടെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞ് ഗ്രൂപ്പ് കൊണ്ടുവന്ന ലീഡർ ഒരാളുടെ കൂടെ ആശുപത്രിയിൽ എത്തിച്ചു.. അപ്പോഴെക്കും ബന്ധുക്കൾ ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ഹോസ്പിറ്റലിലേക്ക് കേട്ടവർ കേട്ടവർ എത്തിതുടങ്ങി.. വന്നവർ ആരും ആ ഉമ്മയോട് വിവരം ഒന്നും പറയാതെ നിശബ്ദമായി ഒരു മൂലയിൽ കഴിച്ചു കൂട്ടി.. ഞാൻ അടുത്ത് എത്തിയപ്പോൾ ബന്ധു നിങ്ങൾ എങ്ങനെ എങ്കിലും ഉമ്മയോട് കാര്യങ്ങൾ പറയണം…ഞങ്ങൾക്ക് എങ്ങിനെ പറയും എന്നറിയില്ല.. ഉമ്മയുടെ അടുത്ത് എത്തി ഒരുവിധം കാര്യങ്ങൾ ബോധിപ്പിച്ചു.
നിറകണ്ണോടെ ആ ഉമ്മയുടെ വാക്കുകൾ… ആ തേങ്ങലുകൾ കണ്ണിൽ നിന്നും മറയുന്നില്ല… എന്റെ കൈപിടിച്ചാ എന്റെമോൾ എന്നെ കൊണ്ടു നടന്നത്… മൂന്ന് ഉംറ ഞങ്ങൾ ചെയ്തു. എന്റെ പൊന്നുമകൾ എന്നെ ഒറ്റക്ക് ആക്കി പോയിഅവൾ… എത്ര സന്തോഷത്തോടെയാ ഞങ്ങൾ വന്നത്.. ഇനി എങ്ങിനെ ഞാൻ തിരിച്ചു പോകും.. അവളുടെ മക്കളോട് എന്താ ഞാൻ പറയുക.. എന്നിങ്ങനെ പറഞ്ഞ് ആ കരച്ചിലും തേങ്ങലും കണ്ണിൽ നിന്നും മായുന്നില്ല..
ഉമ്മയെ വിധി എന്ന രണ്ട് അക്ഷരം പറഞ്ഞ് സമാധാനപ്പെടുത്തുകയല്ലാതെ എന്ത് ചെയ്യും.. പേപ്പർ വർക്കുകൾ എല്ലാം പ്പെട്ടന്ന് ശരിയാക്കി.. നാട്ടിൽ നിന്നും ഭർത്താവ് അശ്റഫിൽ നിന്നും ഓതറേഷൻ വരുത്തി ഇന്ന് സുബഹിക്ക് തൊട്ടു മുൻപേ ഹറമിൽ കൊണ്ടുവന്നു. സുബഹി നമസ്ക്കാരത്തിന്ശേഷം ജനലക്ഷങ്ങൾ പങ്കെടുത്ത മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ശറായ ഖബർസ്ഥാനിൽ ബ്ലോക്ക് 15 ൽ 441 മത്തെ ഖബറിൽ ഖബറടക്കി. [മഞ്ചേരി കസാലക്കുന്ന് സ്വദേശിയും ഇപ്പോൾ ഹാഫ് കിടങ്ങഴിയിൽ താമസിക്കുന്നവരും പരേതനായ എംബി കാക്കാന്റെ മകനുമായ അഷ്റഫ് എന്ന ബാപ്പുവിന്റെ (ഇലക്ട്രീഷൻ) ഭാര്യ ഷാഹിനയാണ് മരണപ്പെട്ടത് ] ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തു..
മരണം അനിവാര്യമായ സത്യമാണ്.
എങ്കിലും പെടുന്നനെ ഉണ്ടാകുന്ന ചില വേർപാടുകള്‍ മറക്കാനാവാത്ത വേദനകളാണ് നല്‍കുന്നത്. അവരുടെ പാപങ്ങൾ പൊറുത്ത് കൊടുക്കുമാറാകട്ടെ. അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ. അവരുടെ വേർപാടിനാൽ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയും, സമാധാനവും സർവ്വശക്തൻ പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ. ആമീൻ യാ റബ്ബൽ ആലമീൻ..
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





