30
Aug 2023
Wed
30 Aug 2023 Wed

RSS ദൗത്യം ഏറ്റെടുത്ത് NSS; ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ നാമജപഘോഷയാത്ര, ഇന്ന് വിശ്വാസ സംരക്ഷണ ദിനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംഘ്പരിവാര്‍ നടത്തിവരുന്ന സമരം ഏറ്റെടുത്ത് എന്‍.എസ്.എസ്. ഇതുപ്രകാരം ഷംസീറിനെതിരെ ശബരിമല സമര മാതൃകയില്‍ എന്‍.എസ്.എസ് നാമജപഘോഷയാത്ര സംഘടിപ്പിക്കും. ശബരിമല മാതൃകയില്‍ ഇന്ന് പ്രതിഷേധിക്കാന്‍ എന്‍.എസ്.എസ് ആഹ്വാനംചെയ്തു. വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ ജനറല്‍ സെക്രട്ടറി താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിര്‍ദ്ദേശം. സ്പീക്കര്‍, പരാമര്‍ശം പിന്‍വലിച്ച് ഉടന്‍ മാപ്പ് പറയണമെന്നാണ് എന്‍.എസ്.എസിന്റെ ആവശ്യം. സ്പീക്കറുടെ പരാമര്‍ശത്തെ നിസാരവല്‍ക്കരിച്ച് പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ വിമര്‍ശിച്ചു.

സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്‍.എസ്.എസ് കഴിഞ്ഞദിവസം നടത്തിയത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിക്കെതിരായ ഷംസീറിന്റെ വിമര്‍ശനം സ്പീക്കര്‍ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കര്‍ സ്ഥാനത്തു തുടരരുതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെടുന്നത്.