22 വര്‍ഷമായി ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ ഓഡിയോ, വീഡിയോ കോളുകളിലൂടെ കണക്ട് ചെയ്തിരുന്ന സ്‌കൈപ്പ് മെയ് 5ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌കൈപ്പ് ഇന്റര്‍നെറ്റ് വഴി സൗജന്യമായി വോയിസ്, വീഡിയോ കോളുകള്‍ നല്‍കി വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. സ്‌കൈപ്പിന്റെ സുവര്‍ണ കാലമായ 2010കളില്‍ മാസം 300 ദശലക്ഷം യൂസര്‍മാരാണ് ഈ ആപ്പിനുണ്ടായിരുന്നത്.
|
സൂം, ഗൂഗിള്‍ മീറ്റ്, ഫേസ്‌ടൈം തുടങ്ങിയവയൊക്കെ വരുന്നതിന് എത്രയോ മുമ്പ് ഇന്റര്‍നെറ്റ് കമ്യൂണിക്കേഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു ഈ ഫ്രീ പ്ലാറ്റ്‌ഫോം.
2011ല്‍ 8.5 ബില്ല്യന്‍ ഡോളര്‍ നല്‍കി മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ വാങ്ങിയിരുന്നു. എന്നാല്‍, വാട്‌സാപ്പ്, സൂം, മൈക്രോസോഫ്റ്റിന്റെ തന്നെ ടീംസ് എന്നിവയൊക്കെ കളംപിടിച്ചതോടെ സ്‌കൈപ്പ് പതുക്കെ ഔട്ടാവുകയായിരുന്നു.
ടീംസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി സ്‌കൈപ്പ് മെയ് 5ന് പ്രവര്‍ത്തനം നിര്‍ത്തുമെന്ന് കഴിഞ്ഞ ഫെബ്രുവരി 28ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സൗജന്യ യൂസര്‍മാരെയും പെയ്ഡ് യൂസര്‍മാരെയും ബാധിക്കും. എന്നാല്‍, സ്‌കൈപ്പ് ബിസിനസ് തല്‍ക്കാലത്തേക്ക് തുടരും.
നിലവിലുള്ള യൂസര്‍മാര്‍ എന്ത് ചെയ്യണം
നിലവിലുള്ള യൂസര്‍മാര്‍ക്ക് സ്‌കൈപ്പ് വെബ്‌സൈറ്റില്‍ കയറി സ്റ്റാര്‍ട്ട് യൂസിങ് ടീംസ് ഫീച്ചര്‍ ഉപയോഗിക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പിലുള്ള മുഴുവന്‍ ചാറ്റുകളും കോണ്‍ടാക്റ്റുകളും ടീംസില്‍ ലഭ്യമാവും. സ്‌കൈപ്പിലെ അതേ ലോഗിന്‍ വിവരങ്ങള്‍ തന്നെ ടീംസിലും ഉപയോഗിക്കാവുന്നതാണ്. 2026 ജനുവരി വരെ ഇത്തരത്തില്‍ മാറ്റം സാധ്യമാവും.


