രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് പരിഹരിക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് യുവതികളെ കൊണ്ടുവരണമെന്ന് പ്രാദേശിക മേയര്‍ നിര്‍ദേശിച്ച സംഭവത്തില്‍ ദക്ഷിണ കൊറിയയിലെ ഒരു പ്രവിശ്യാ സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ ജനസംഖ്യ വേഗത്തില്‍ കുറയുന്ന സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെയാണ് ജിന്‍ഡോ കൗണ്ടി മേയര്‍ കിം ഹീ-സൂ വിവാദ പരാമര്‍ശം നടത്തിയത്. വിയറ്റ്‌നാം അല്ലെങ്കില്‍ ശ്രീലങ്ക പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഇവിടുത്തെ അവിവാഹിതരായ പുരുഷന്മാര്‍ക്ക് വിവാഹം കഴിച്ച് നല്‍കുന്നതിലൂടെ ഗ്രാമങ്ങളെ നിലനിര്‍ത്താനാകുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
നമ്മള്‍ വിയറ്റ്‌നാമില്‍ നിന്നോ ശ്രീലങ്കയില്‍ നിന്നോ യുവതികളെ ‘ഇറക്കുമതി’ ചെയ്യണം, അങ്ങനെ ഗ്രാമപ്രദേശങ്ങളിലെ യുവാക്കള്‍ക്ക് അവരെ വിവാഹം കഴിക്കാം,എന്നായിരുന്നു ജിന്‍ഡോ കൗണ്ടി മേയര്‍ കിം ഹീ-സൂ വിന്റെ പരാമര്‍ശം.
|
സ്ത്രീകളെ വസ്തുവായി കാണുന്ന തരത്തിലുള്ള ഈ പ്രയോഗത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും മേയര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയത്. വിയറ്റ്‌നാം എംബസി ഔദ്യോഗികമായി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധം ശക്തമായതോടെ, ജിന്‍ഡോ കൗണ്ടി ഉള്‍പ്പെടുന്ന സൗത്ത് ജിയോള പ്രവിശ്യാ സര്‍ക്കാര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി.
‘ഇറക്കുമതി’ എന്ന വാക്കിന്റെ ഉപയോഗം മനുഷ്യന്റെ അന്തസ്സിനെ ലംഘിക്കുന്നതാണെന്നും, ഒരു സാഹചര്യത്തിലും അത്തരം ഭാഷയെ ന്യായീകരിക്കാനാവില്ലെന്നും വക്താവ് വ്യക്തമാക്കി.
പിന്നീട് മേയര്‍ കിം ഹീ-സൂയും മാപ്പ് പറഞ്ഞു. സ്ത്രീകളെയോ വിദേശ പൗരന്മാരെയോ അപമാനിക്കാനായിരുന്നു തന്റെ ഉദ്ദേശ്യമല്ലെന്നും, വാര്‍ധക്യത്തിലേക്ക് നീങ്ങുന്ന ഗ്രാമങ്ങളിലെയും മത്സ്യബന്ധന മേഖലയിലെയും തൊഴില്‍ക്ഷാമം ചര്‍ച്ച ചെയ്യാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴില്‍ അനിശ്ചിതത്വം, സാമൂഹിക സമ്മര്‍ദങ്ങള്‍ എന്നിവയാണ് യുവതലമുറ വിവാഹവും കുട്ടികളും ഒഴിവാക്കാന്‍ കാരണമാകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.





