പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ വ്യാജ രേഖ ചമയ്ക്കല്‍ പരാതി. റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്താണ് ശ്രീനാദേവി കുഞ്ഞമ്മ 2021ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ശ്രീനാദേവിയുടെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് റദ്ദാക്കി. അടൂര്‍ താലൂക്ക് സപ്ലയര്‍ ഓഫീസറാണ് കാര്‍ഡ് റദ്ദാക്കിയത്. കാര്‍ഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി.
|
മരിച്ച വ്യക്തിയുടെ ഭര്‍തൃസഹോദരിയുടെ മകളെന്ന വ്യാജേനയാണ് ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ത്തത്. തുടര്‍ന്ന് ഇത് ഉപയോഗിച്ച് വോട്ടര്‍ ലിസ്റ്റിലും പേര് ചേര്‍ത്തു. എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയില്‍ പറയുന്നത്.
എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് പരാതിക്കാര്‍ ഈ വിഷയം അറിഞ്ഞത്. തുറയൂര്‍ സ്വദേശിയായ യെശോദ എസ്. പിള്ളയുടെ പേരിലായിരുന്നു റേഷന്‍ കാര്‍ഡ്. യെശോദയുടെ മക്കളായ ശ്രീജിത്ത്, ശ്യാംജിത്ത്, സന്‍ജിത്ത് എന്നിവരാണ് ശ്രീനാദേവിക്കെതിരെ പരാതി നല്‍കിയിക്കുന്നത്.
പരാതിയില്‍ യശോദ 2024 സെപ്റ്റംബര്‍ 18ന് മരണപ്പെട്ടതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഡ് ഉടമയ്ക്ക് ശ്രീനാദേവിയുമായി ഒരു ബന്ധവുമില്ലെന്നും വ്യാജമായി പേര് ചേര്‍ത്ത റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ശ്രീനാദേവി ആര്‍.സി ബുക്കെടുത്തിട്ടുണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
ഈ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തില്‍ വരുന്ന എല്ലാ പോസ്റ്റുകളും തന്റെ കൈവശം എത്തിക്കണമെന്ന് ശ്രീനാദേവി പോസ്റ്റ് ഓഫീസില്‍ എഴുതി നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി. 2026 തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീനാദേവി സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.




