04
Jan 2026
Sat
04 Jan 2026 Sat
MALAPPURAM STUDENT DEATH

Student’s Death in Karuvarakund മലപ്പുറം: കരുവാരക്കുണ്ടില്‍ പതിനാറുകാരന്‍ പതിനാലുകാരിയായ ദലിത് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ലഹരിക്കടിമയാണെന്ന് സംശയിക്കുന്ന 16കാരന്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതും കൊലയ്ക്ക് പ്രേരണയായതായി പ്രതി പൊലീസിനോട് സമ്മതിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരുവാരകുണ്ടിലെ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍, ഇതേ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ 16 വയസ്സുകാരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 14കാരിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്.

യൂണിഫോമില്‍ സ്‌കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ വ്യാഴാഴ്ച്ച മുതല്‍ കാണാതാവുകയായിരുന്നു. വൈകുന്നേരമായിട്ടും മടങ്ങിവരാതിരുന്നപ്പോഴാണ് കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.

ALSO READ: പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍; ശരീരമാകെ മുറിവുകള്‍, പോലീസ് ചോദ്യം ചെയ്യലില്‍ കള്ളംപൊളിഞ്ഞു

പെണ്‍കുട്ടിയെ പതിനാറുകാരന്‍ നേരത്തേയും ശല്യപ്പെടുത്താറുണ്ടായിരുന്നു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. ഇതിനിടെ പ്രതി തൊടിയപ്പുലം റെയില്‍വെ സ്റ്റേഷന് 300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തറിയുകയുമായിരുന്നു.

ട്രെയിന്‍ തട്ടി മരിച്ചെന്ന് കള്ളക്കഥ

ആദ്യ ഘട്ടത്തില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് റെയില്‍വെ ട്രാക്കിനേക്കാള്‍ ഉയര്‍ന്ന സ്ഥലത്തായത് സംശയം ജനിപ്പിച്ചു.

റെയില്‍വേ പുറമ്പോക്കിലെ കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചു കൈകള്‍ മുന്നിലേക്കു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പിടിയിലായ വിദ്യാര്‍ഥി പൊലീസിനു മൊഴി നല്‍കിയതായാണു വിവരം. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അടങ്ങിയ സ്‌കൂള്‍ ബാഗും ചെരിപ്പും പരിസരത്തുനിന്നു കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, കാരണമെന്താണ് തുടങ്ങിയ സംശയങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമായിട്ടില്ല.

വ്യാഴാഴ്ച രാവിലെ അനുജത്തിക്കൊപ്പം സ്‌കൂളിലേക്കു പുറപ്പെട്ട പെണ്‍കുട്ടി സ്‌കൂള്‍ ഗേറ്റ് വരെ ചെന്നെങ്കിലും ക്ലാസില്‍ എത്തിയിരുന്നില്ല. വൈകിട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാവ് പൊലീസിനെ അറിയിച്ചു. വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയുമായി അടുപ്പമുണ്ടായിരുന്ന കാര്യവും ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ചു കണ്ടെത്താന്‍ ശ്രമം നടത്തി. ഇതിനിടെ വൈകിട്ട് 6ന് പെണ്‍കുട്ടി വീട്ടിലേക്കു വിളിച്ച് ഉടന്‍ എത്താമെന്നു പറഞ്ഞെങ്കിലും എത്തിയില്ല.

പിന്നീട് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനിയും 16 വയസ്സുകാരനും തൊടികപ്പുലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയതായി കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ ശക്തമാക്കി.

അതിനിടെ നാട്ടുകാരും ബന്ധുക്കളും പ്ലസ്ടു വിദ്യാര്‍ഥിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുമായി വൈകിട്ടു പിരിഞ്ഞെന്നും പിന്നീട് കണ്ടില്ലെന്നും അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടര്‍ന്നു വിദ്യാര്‍ഥിയുമായി നടത്തിയ തിരച്ചിലില്‍ തൊടികപ്പുലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ട്രെയിന്‍ തട്ടി എന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരസ്പര വിരുദ്ധമായി പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും വിദ്യാര്‍ഥി ശ്രമിച്ചു.

കൂടുതല്‍ പേരുണ്ടാകാമെന്ന് ബന്ധുക്കള്‍

അതേസമയം, കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒറ്റയ്ക്ക് ഒരാള്‍ക്ക് ഇത് ചെയ്യാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വിജനമായ ഇടത്തേക്ക് സ്ഥല പരിചയമുള്ള ആളുകളുടെ സഹായം ഇല്ലാതെ എത്താനാവില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഇല്ലാത്ത വിജന സ്ഥലമാണെന്ന് നാട്ടുകാരും പറഞ്ഞു.

16കാരന്‍ നേരത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയത്.