25
Nov 2024
Fri
25 Nov 2024 Fri
Kasaragod food poison

കാസര്‍കോട്: സ്‌കൂളില്‍ നിന്ന് ലഭിച്ച പാലും മുട്ടയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. (Students in Kasaragod school suffer from food poisoning after consuming milk and eggs; around 50 hospitalized) 50ഓളം വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷ്യവിഷബാധയില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്‌കൂളിലെ പാല്‍ വിതരണം നിര്‍ത്തി വച്ചു.

ആലംപാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി, യുപി ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അസുഖബാധിതരായത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വിതരണം ചെയ്ത പാലും മുട്ടയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ചര്‍ദ്ദിയും തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടത്.

കാസര്‍കോട് ജനറല്‍ ആശുപത്രി, ചെങ്കള നായനാര്‍ സഹകരണ ആശുപത്രി, വിദ്യാനഗറിലെ ചൈത്ര ആശുപത്രി എന്നിവിടങ്ങളിലായാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരുടെയും നില ഗുരുതരമല്ല.

രാവിലെ പാല്‍സൊസൈറ്റിയില്‍ നിന്നു സ്‌കൂളിലെത്തിക്കുന്ന പാല്‍ ഉച്ചയ്ക്ക് ശേഷമാണ് തിളപ്പിച്ച് നല്‍കുന്നത്. പാല്‍ കൃത്യമായി തിളപ്പിക്കാത്തതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് സംശയിക്കുന്നത്. പാചകപ്പുരയിലെ ശുചിത്വമില്ലായ്മയെ കുറിച്ചും രക്ഷിതാക്കളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്‌കൂളില്‍ നിന്ന് നല്‍കിയ പാലില്‍ നിന്നാണെന്നാണ് സംശയിക്കുന്നത്. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് 3.15 നാണ് പാല്‍ വിതരണം നടത്തിയത്.

എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളില്‍ പലരും സ്‌കൂളില്‍ വച്ചുതന്നെ പാല്‍ കുടിച്ചിരുന്നു. ചില വിദ്യാര്‍ഥികള്‍ പാല്‍ വീട്ടിലേക്ക് കൊണ്ടുപോയി.