25
Aug 2024
Tue
25 Aug 2024 Tue
Suicide note of newlywed Asia who hanged herself at husband's house found

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘വാപ്പിയുടെ അടുത്തേക്ക് ഞാനും വരുന്നു’; ആസിയയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നവവധു ആസിയ (22)യുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പിതാവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്‍കുന്നു എന്ന് ആസിയ ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. പിതാവിന്റെ മരണത്തിലെ മനോവിഷമത്തില്‍ ആയിരുന്നു ആസിയ എന്ന് ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഉതിശരിവയ്ക്കുന്നതാണ് ആത്മഹത്യാകുറിപ്പും.

കായംകുളം ഒ.എന്‍.കെ ജങ്ഷന്‍ കൂട്ടുങ്കല്‍ വീട്ടില്‍ ആസിയയാണു ഭര്‍ത്താവ് മുനീറിന്റെ വീടായ ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ ജീവനൊടുക്കിയത്.

കാന്‍സര്‍ ബാധിതനായി മരിച്ച പിതാവ് സക്കീറിനൊപ്പം പോകുന്നു” എന്നാണു കത്തില്‍ എഴുതിയത്. ഇതു പെണ്‍കുട്ടി തന്നെയാണോ എഴുതിയതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനയും നടത്തും. പ്രാഥമിക അന്വേഷണത്തില്‍ കുടുംബപ്രശ്‌നങ്ങളില്ലെന്നും പിതാവ് മരിച്ചതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണെന്നും സൗത്ത് പൊലീസ് പറഞ്ഞു. ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്പായിരുന്നു പിതാവ് മരിച്ചത്.

ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആസിയയുടെ ജീവന്‍ നഷ്ടമായിരുന്നു. വിരല്‍ അടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തുകയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി.

ഡെന്റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ശനിയാഴ്ച മാത്രമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഞായറാഴ്ച ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്.

സെലീനയാണ് ആസിയയുടെ മാതാവ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Suicide note of newlywed Asia who hanged herself at husband’s house found