നിലമ്പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ വനാവകാശ ഭൂമി കൈമാറ്റത്തിലെ അനാസ്ഥ ആരോപിച്ച് രണ്ട് പേര്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജും വിനീതുമാണ് ഓഫീസിന് സമീപത്തെ മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്.
വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമി കൈമാറുന്നതില്‍ ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. പുലിമുണ്ട, മുണ്ടക്കടവ് പ്രദേശങ്ങളിലെ 53 കുടുംബങ്ങള്‍ക്കാണ് നിയമപ്രകാരം ഭൂമി അനുവദിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ചതെന്നും ബാക്കി കുടുംബങ്ങളുടെ രേഖകള്‍ ഒപ്പില്ലാതെ കിടക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
കോടതിയുടെയും ജില്ലാ കളക്ടറുടെയും അനുമതിയോടെയാണ് ഭൂമി പത്രികകള്‍ തയ്യാറാക്കിയതെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കിയിരുന്നു. പലതവണ അപേക്ഷകളും ആവശ്യങ്ങളും നല്‍കിയിട്ടും ബാക്കി കുടുംബങ്ങളുടെ രേഖകളില്‍ ഒപ്പുവെക്കാന്‍ ഡിഎഫ്ഒ തയ്യാറായില്ലെന്നാണ് ആരോപണം.
ഡിഎഫ്ഒയുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതിനാലാണ് പ്രതിഷേധത്തിന്റെ ഭാഗമായി മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
|





