തിരഞ്ഞെടുപ്പ് ക്രമക്കേടുകളും വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനും (SIR) ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സമർപ്പിച്ച സംയുക്ത ഹർജിയിൽ 14 പിഴവുകൾ കണ്ടെത്തി സുപ്രീംകോടതി രജിസ്ട്രി. കോടതി ഫീസിൽ 220 രൂപയുടെ കുറവുണ്ടെന്നും ഒമ്പത് ഹരജിക്കാരുടെ അംഗീകാര രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും രജിസ്ട്രി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് വ്യക്തതയില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
|
തിരഞ്ഞെടുപ്പ് ക്രമക്കേടുകളും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളും ചോദ്യം ചെയ്ത് തിങ്കളാഴ്ചയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി സുപ്രീംകോടതിയെ സമീപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നും ആരോപിക്കപ്പെടുന്ന ‘വോട്ട് മോഷണം’ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.
ഹരജിക്കൊപ്പം സമർപ്പിക്കേണ്ട ചില വക്കാലത്തുകൾ ഇല്ലാത്തതും രണ്ട് രേഖകളുടെ കളർ പകർപ്പുകൾ സമർപ്പിക്കാത്തതും ഉൾപ്പെടെ വിവിധ പിഴവുകളാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയത്. രേഖകളിലെ അക്ഷരങ്ങൾ ചെറുതാണെന്നും ചില ഭാഗങ്ങൾ വായിക്കാൻ കഴിയുന്നില്ലെന്നും പേജുകൾ നഷ്ടപ്പെട്ടതായും പേജുകളുടെ നമ്പറിങ്ങിൽ പൊരുത്തക്കേടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക ഭാഷയിലുള്ള ചില പേജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. ചൂണ്ടിക്കാട്ടിയ പിഴവുകൾ പരിഹരിച്ചാൽ മാത്രമേ ഹർജി വാദം കേൾക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.
ഹരജിയിലെ പ്രധാന ആവശ്യങ്ങൾ
വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കുക, നടപടികളുടെ ഭരണഘടനാ സാധുത പരിശോധിക്കുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, പരാതികൾക്ക് പരിഹാരം കാണുക, സ്വതന്ത്ര സമിതിയുടെ നേതൃത്വത്തിൽ ഓഡിറ്റ് നടത്തുക തുടങ്ങിയ പത്ത് ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നേരിൽക്കണ്ട് നിവേദനം സമർപ്പിക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമം വിജയിച്ചിരുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടിക്കാഴ്ച അനുവദിക്കാനാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. തുടർന്ന് തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിപ്പിക്കുക, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുക, SIR നിർത്തിവയ്ക്കുക, ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ALSO READ:വിവാഹം ഉറപ്പിച്ച കാമുകിയെ 1000 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്ന് യുവാവ്
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





